സ്വന്തം ലേഖകന്‍: യുഎഇ പുതിയ നികുതി നടപടിക്രമ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ.യില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ നികുതി നടപടിക്രമങ്ങള്‍ക്ക് അടിത്തറയിടുന്ന സുപ്രധാന നിയമം യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നികുതി സമാഹരണവും നിര്‍വഹണവും നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തില്‍ ഫെഡറല്‍ നികുതി അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
നികുതിനിയമത്തിന്റെ കരടിന് മാര്‍ച്ചില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി.) അംഗീകാരം നല്‍കിയിരുന്നു. യു.എ.ഇ. പ്രസിഡന്റിന്റെ അനുമതി ലഭ്യമായതോടെ രാജ്യത്തെ നികുതിവ്യവസ്ഥയ്ക്കും അതിന്റെ നിര്‍വഹണത്തിനും നിയമത്തിന്റെ ചട്ടക്കൂട് കൈവന്നിരിക്കുകയാണ്. നികുതി നടപടിക്രമനിയമം യു.എ.ഇ.യുടെ നികുതി സംവിധാനത്തിന്റെ സ്ഥാപനത്തിലും സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലും നിര്‍ണായക നാഴികക്കല്ലാണെന്ന് ദുബായ് ഉപ ഭരണാധികാരിയും ധനകാര്യമന്ത്രിയും എഫ്.ടി.എ. ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തും അഭിപ്രായപ്പെട്ടു.
മൂല്യവര്‍ധിത നികുതി (വാറ്റ്), എക്സൈസ് നികുതി തുടങ്ങി യു.എ.ഇ.യിലെ എല്ലാ നികുതി നിയമങ്ങള്‍ക്കും വ്യക്തമായ പൊതുനടപടിക്രമങ്ങളും ചട്ടങ്ങളും അവതരിപ്പിക്കുന്നതാണ് പുതിയനിയമം. എഫ്.ടി.എ.യുടെയും നികുതി ദാതാവിന്റെയും അവകാശങ്ങളും കടമകളും വ്യക്തമായി നിയമം വിശദീകരിക്കുയും ചെയ്യുന്നു. ഓഡിറ്റുകള്‍, റീഫണ്ട്, നികുതി സമാഹരണം, നികുതി രജിസ്ട്രേഷന്, റിട്ടേണ്‍ തുടങ്ങിയവയെല്ലാം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടപടി ക്രമങ്ങള്‍ പാലിക്കാതിരിക്കുകയോ സുതാര്യത ഇല്ലാതാകുകയോ ചെയ്താല്‍ പിഴ ചുമത്തും. ഇടപാടുകാരുടെയും അതോററ്റിയുടെയും സ്വകാര്യത സംരക്ഷിക്കാന്‍ അംഗീകൃത ടാക്സ് ഏജന്റുമാര്‍ ബാധ്യസ്ഥരാണ്. ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാറ്റിലൂടെ ആദ്യവര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാം വര്‍ഷം 2000 കോടി ദിര്‍ഹവും സമാഹരിക്കാന്‍ കഴിയുമെന്നാണ് സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല