സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേത ശല്യം. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും അസ്വാഭാവികവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതായി ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ അനുഭവമെന്നാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ വിശ്വാസം.
വാതിലുകള്‍ ശക്തിയായി കൊട്ടിയടയുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ അനുഭവങ്ങളാണ് ജീവനക്കാര്‍ക്ക് ഉണ്ടാകുന്നത്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതുന്ന നില വരെയെത്തി കാര്യങ്ങള്‍. ഹോട്ടലില്‍ താമസിക്കുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്.
പ്രേതപ്പേടി കാരണം ജീവനക്കാര്‍ക്ക് ഹോട്ടലില്‍ ഒറ്റയ്ക്ക് കിടക്കാന്‍ ഭയമാണ്. ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് ഇപ്പോള്‍ കിടക്കുന്നത്. പ്രേതത്തെ ഭയന്ന് രാത്രിയില്‍ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. എയര്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയുകയല്ലാതെ ജീവനക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.
ഒരിക്കല്‍ പ്രേതാനുഭവം ഉണ്ടായവര്‍ പിന്നീട് ചിക്കാഗോയിലേക്കുള്ള വിമാനത്തില്‍ ഡ്യൂട്ടി ചെയ്യാന്‍ പോലും വിസമ്മതിക്കുകയാണ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്യാബിന്‍ ക്രൂ മേധാവി എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് കിട്ടിയതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല