സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട കൊടും ഭീകരന് അബു ദുജാനയ്ക്ക് മരണക്കെണിയായത് കശ്മീരി യുവതിയുമായുള്ള ദാമ്പത്യം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് പാക് സര്‍ക്കാര്‍. ഭീകരര്‍ക്ക് മേല്‍ ഇന്ത്യന്‍ സൈന്യം നേടിയ വന്‍ വിജയങ്ങളില്‍ ഒന്നായി മാറിയ ലഷ്ക്കര്‍ ഇ തയ്ബയുടെ കശ്മീര്‍ കമാസ്ഡര് അബു ദുജാനയെ വധിച്ച സംഭവത്തില്‍ ഭീകരന് മരണക്കെണിയായത് കാശ്മീരി യുവതിയുമായുള്ള ദാദാമ്പത്യമെന്ന് റിപ്പോര്‍ട്ട്. ലഷ്ക്കര്‍ ഇ തയ്ബയുടെ ഏറ്റവും വില പിടിച്ച നേതാവായിരുന്ന ഇയാളെ കുടുക്കാന്‍ നേരത്തെ സൈന്യം പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും എല്ലായ്പ്പോഴും ഭാഗ്യം ദുജാനയെ തുണക്കുകയായിരുന്നു.
എന്നാല്‍ പതിവായി ഭാര്യയെ കാണാന്‍ മനസ്സിലാക്കിയ സൈന്യം തിങ്കളാഴ്ച ഇയാള്‍ക്ക് വേണ്ടി എല്ലാം പഴുതും അടച്ച് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. സ്ത്രീ വിഷയത്തില്‍ അതീവ തത്പരനായിരുന്ന ദുജാനയ്ക്ക് പുല്‍വാമയിലെ രഹസ്യഭാര്യ രുകിയയെ കൂടാതെ പ്രദേശത്തെ മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്നാണ് സുരക്ഷാ വിഭാഗം പറയുന്നത്. ഇയാള്‍ തനിക്ക് വേണ്ടി സ്ത്രീകളെ കൊണ്ടുവരാന്‍ കീഴിലുള്ളവരെ നിര്‍ബ്ബന്ധിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയില്‍ ഇയാള്‍ ഭാര്യയെ കാണാന്‍ ഹക്രിപ്പോരയിലെ വീട്ടില്‍ എത്തിയപ്പോഴാണ് സൈന്യത്തിന് തീവ്രവാദി നേതാവിനെ കുടുക്കാനായത്.
പ്രദേശത്തെ അനേകം സ്ത്രീകളെ സ്വന്തം ഇംഗിതത്തിന് ഉപയോഗിച്ചിരുന്നതായും ഈ കാര്യത്തില്‍ നാട്ടുകാരില്‍ ഒട്ടേറെ പേര്‍ക്ക് ഇയാളോട് വെറുപ്പ് ഉണ്ടായിരുന്നതായും അവരാണ് പോലീസിന് വിവരം കൈമാറിയതെന്നുമാണ് കശ്മീര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. നേരത്തേ ലഷ്ക്കര്‍ ഉന്നതന് അബ്ദുള്ള ഉനിയെ സുരക്ഷാ വിഭാഗം കുടുക്കിയതും സ്ത്രീയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു. ”എ പ്ളസ്പ്ളസ്” കാറ്റഗറി ഭീകരനായ ദുജാനയുടെ തലയ്ക്ക് 15 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. അനേകം ഭീകര സംഘടനകളുമായി ബന്ധമുള്ള ദുജാന ഇന്ത്യയില്‍ നടന്ന അനേകം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളാണ്.
അതേ സമയം അബു ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന് തള്ളി. ഇതോടെ ദുജാനയെ ജമ്മു കശ്മീരിലെ ഉറിയില്‍ തന്നെ സംസ്കരിക്കാനുള്ള സാധ്യതയേറി.ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പാകിസ്താന് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് മൃതദേഹം ഏറ്റെടുത്തില്ലെങ്കില്‍ ഉചിതമായ രീതിയില്‍ സംസ്കാരം നടത്തുമെന്നും ദുജാനയുടെ മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുനല്‍കില്ലെന്നും കശ്മീര്‍ റേഞ്ച് ഐ.ജി മുനീര്‍ ഖാന് കഴിഞ്ഞ ദിവസന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല