സ്വന്തം ലേഖകന്‍: തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്ഹാസന് ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുവരെ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും നടനെ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാല്‍ സാഹചര്യം വരുമ്പോള്‍ തെളിവ് സഹിതം അത് പുറത്തെത്തിക്കുമെന്നായിരുന്നു കമലിന്റെ പ്രതികരണം. ഇപ്പോഴിതാ വകുപ്പുതലത്തില്‍ ഉണ്ടായ വീഴ്ച ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കമല്ഹാസന്. പേരാമ്പളൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം ചെയ്തതിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് കമല്ഹാസന് തിരിച്ചടിക്കുന്നത്. കുട്ടികള്‍ക്ക് നല്‍കേണ്ട മുട്ടകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചിത്രമാണ് താരം തെളിവായി പോസ്റ്റ് ചെയ്തത്.
ഒപ്പം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമല്ഹാസന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. താരത്തിന്റെ ട്വീറ്റ് വന്നതോടെ മുട്ടയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമകായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. കമലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി അധികൃതര്‍ തന്നെ രംഗത്തെത്തി. അത് കുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ടയല്ലെന്നും ഭക്ഷ്യയോഗ്യമല്ലാത്ത മുട്ടകള്‍ കണ്ടെത്തുന്നതിനായി വെള്ളത്തില്‍ ഇട്ടു വച്ചിരിക്കുന്നതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
സര്‍ക്കാരിനെ വിമര്‍ശിച്ച കമല്‍ഹാസനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ഉണ്ടാകുന്നത്. നേരത്തെ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നയാള്‍ അത് തെളിയിക്കണമെന്ന് മന്ത്രി എസ്.പി വേലുമണി അഭിപ്രായപ്പെട്ടിരുന്നു. കമലും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള വാക്പോരാട്ടം ശക്തമായതോടെ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല