സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ വഴിയൊരുങ്ങും.
തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം. ഇതിനു പകരം, അവര്‍ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ അവസരം നല്‍കുകയോ വേണമെന്നതുള്‍പെടെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിനു മുന്നിലുള്ളത്.
ഓണ്‍ലൈനായി ബാലറ്റ് പേപറുകള്‍ ഏറ്റവുമടുത്ത എംബസികളിലോ കോണ്‍സുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നു. പോസ്റ്റല്‍ ബാലറ്റായാണ് ഇതു പരിഗണിക്കുക. ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിച്ച് പകരക്കാരെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആലോചിക്കുന്നുണ്ട്. പ്രതിനിധിയാകുന്നയാള്‍ നിലവില്‍ മണ്ഡലത്തില്‍ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ് നിബന്ധന.
എന്നാല്‍ ഇവ നടപ്പിലാക്കുന്നതിന് നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകാരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല