1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഓര്‍മയായത് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം. 39 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് സൗദി ഓജര്‍ അടച്ചുപൂട്ടിയത്. ജൂലൈ 31 ന് സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജര്‍ ശാഖകളും പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാലു വര്‍ഷം മുമ്പ് തകര്‍ച്ചയിലേക്ക് നീങ്ങാന്‍ തുടങ്ങിയകമ്പനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റോടെ തകര്‍ച്ച പൂര്‍ണമായി.

ഏറ്റവും ഒടുവില്‍ മൂന്നു കരാറുകള്‍ മാത്രമാണ് കമ്പനിക്കുണ്ടായിരുന്നത്. കിങ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ മെയിന്റനന്‍സ്, ഓപ്പറേഷന്‍സ് കരാര്‍, മൊറോക്കൊയിലെ ടാന്‍ഗിയറില്‍ സല്‍മാന്‍ രാജാവിന്റെ കൊട്ടാരത്തിന്റെ നിര്‍മാണം, മിനയിലെ നിര്‍മാണ പദ്ധതി എന്നിവയായിരുന്നു കമ്പനിക്ക് ഒടുവില്‍ ഉണ്ടായിരുന്ന മൂന്നു കരാറുകള്‍. ഇവയില്‍ കിങ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ കരാര്‍ അല്‍ഇംറാന്‍ അല്‍ഹദീസ കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് നല്‍കി.

സൗദി ഓജറിലുണ്ടായിരുന്ന 2,600 ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പും ഈ കമ്പനിയിലേക്ക് മാറ്റിയിട്ടുണ്ട്. ടാന്‍ഗിയര്‍, മിന പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വതന്ത്ര കമ്പനികളുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ 39 വര്‍ഷക്കാലം സൗദിയിലെ മുന്‍നിര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന സൗദി ഓജര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നല്ല നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മാനേജ്‌മെന്റ് രംഗത്തുണ്ടായ വീഴ്ചകളും മേലധികാരികളുടെ കാര്യക്ഷമതാ കുറവും കമ്പനിയെ പതനത്തിലേക്ക് നയിക്കുകയായിരുന്നു.

ഒപ്പം എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കൂടിയായപ്പോള്‍ കമ്പനിയുടെ അടിത്തറയിളകി. 1978 ലാണ് റിയാദ് ആസ്ഥാനമാക്കി ഒരു നിര്‍മ്മാണ കമ്പനിയെന്ന നിലയില്‍ സാദ് ഹരീരിയുടെ പിതാവായ മുന്‍ ലബനന്‍ പ്രധാനമന്ത്രിയും കോടീശ്വരനുമായ റഫീഖ് അല്‍ ഹരീരി സൗദി ഓജര്‍ കമ്പനി സ്ഥാപിക്കന്നത്. 1969 ല്‍ റഫീഖ് അല്‍ ഹരീരി ഒരു ചെറിയ സബ് കോണ്‍ട്രാക്റ്റിംഗ് സ്ഥാപനം ആരംഭിച്ചാണ് നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്.

ഫ്രാന്‍സിലെ നിര്‍മാണ കമ്പനിയായിരുന്ന ഓജറുമായി ചേര്‍ന്ന് തായിഫിലെ ഒരു ഹോട്ടല്‍ നിര്‍മ്മാണം കരാര്‍ സമയത്തിന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയായാക്കി. ഇത് അന്നത്തെ സൗദി ഭരണാധികാരി ഖാലിദ് രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ കമ്പനിയുടെ സമയം തെളിയുകയായിരുന്നു. പിന്നീട് റഫീഖ് ഹരീരി ഫ്രാന്‍സിലെ ഉടമസ്ഥരില്‍നിന്നും ഓജര്‍ കമ്പനി ഏറ്റെടുത്ത് സൗദി ഓജര്‍ എന്നാക്കി മാറ്റുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.