1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2017

സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ ലാന്‍ഡിനിങ്ങിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി, തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ 8.45ന് ബംഗളൂരുവില്‍നിന്ന് 60 യാത്രക്കാരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് മുന്നൂറോളം മീറ്റര്‍ തെന്നിമാറിയത്. വൈമാനികന്റെ സമയോചിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി.

ആറ് റണ്‍വേ ലൈറ്റുകള്‍ തകര്‍ത്തശേഷം തിരിഞ്ഞ് റണ്‍വേയ്ക്കു പുറത്ത് ചെളിയില്‍പൂണ്ടാണ് വിമാനം നിന്നത്. അല്‍പ്പംകൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ താഴ്ചയിലേക്ക് പതിക്കുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍നിന്ന് തെന്നിമാറിയപ്പോള്‍ ഉണ്ടായ കുലുക്കം മാത്രമാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.

നാല് മാസത്തിനിടയില്‍ കരിപ്പൂരിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഏപ്രില്‍ 23ന് 178 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ 737 വിമാനം പറന്നുപൊങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടിരുന്നു. അന്നും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മഴമൂലം മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് വിമാനം ഇറങ്ങിയത്. റണ്‍വേയില്‍ തൊട്ടയുടന്‍ എന്‍ജിന്‍ തകരാറിലായി ഇന്ധനം റണ്‍വേയില്‍ ഒഴുകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ ഒരുമണിക്കൂറോളം അടച്ചു.

വിമാനത്താവളത്തിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് ഇന്ധനം തുടച്ചുനീക്കിയത്. ബംഗളൂരുവില്‍നിന്ന് കരിപ്പൂരിലെത്തി ചെന്നൈയിലേക്ക് പറക്കേണ്ടതാണ് വിമാനം. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ തുടര്‍യാത്ര റദ്ദാക്കി. പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് വിമാനം വലിച്ചുമാറ്റി. യാത്രക്കാരെ ഇറക്കി വിമാനം ടെര്‍മിനലിലെത്തിച്ചു. കരിപ്പൂരിലേക്കും തിരിച്ചുമുള്ള മൂന്ന് സര്‍വീസ് വൈകി. അപകടത്തെപ്പറ്റി കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത് ഇത് മൂന്നാം തവണയാണ്. ഒരു മാസം മുമ്പാണ് വിമാനത്താവളത്തിന്റെ കാര്‍പറ്റിങ് പ്രവൃത്തി പൂര്‍ത്തിയായത്. റണ്‍വേ നീളംപോരെന്ന പരാതി നേരത്തേതന്നെ ശക്തമാണ്. വലിയ വിമാനങ്ങള്‍ക്ക് ഇപ്പോഴും സര്‍വീസിന് അനുമതി നല്‍കിയിട്ടില്ല. റണ്‍വേയുടെ വിസ്തൃതി വര്‍ധിപ്പിച്ചശേഷമേ വലിയ എയര്‍ ക്രാഫ്റ്റുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കൂ എന്നാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.