1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യ അഞ്ചു വര്‍ഷം ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്ന് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ പിന്നിടവേയാണ് ട്രംപ് നയം വ്യക്തമാക്കുന്നത്. പ്രതിവാര റേഡിയോ, വെബ് പ്രഭാഷണത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്. ‘അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇന്നലെയോ മുന്‍കാലങ്ങളിലോ വന്നപോലെ നിങ്ങള്‍ക്ക് വെറുതെ വന്നുപോകാനോ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനോ ആവില്ല,’ ട്രംപ് പറഞ്ഞു.

‘അഞ്ചു വര്‍ഷത്തേക്ക് ഞങ്ങളുടെ ക്ഷേമപദ്ധതികള്‍ ഒന്നും ചോദിക്കാനോ ഉപയോഗിക്കാനോ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. രാജ്യത്തിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന,’ അങ്ങനെ ക്ഷേമവും ഐശ്വര്യവും രാജ്യത്തേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഓഹരി വിപണി എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ എത്തി. മേയില്‍ തൊഴിലില്ലായ്മ നിരക്ക് 16 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ത്രൈമാസ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ 2.6% വര്‍ധന ഉണ്ടായതായും ട്രംപ് ചൂണ്ടിക്കാട്ടി.

നിലവിലുള്ള പകുതിയോളം നിയമവിധേയ കുടിയേറ്റക്കാരും സാമൂഹികസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇവരില്‍ ഭൂരിഭാഗത്തിനും വേണ്ടത്ര തൊഴില്‍ യോഗ്യതകളില്ലെന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേപമപദ്ധതികളുടെ ദുരുപയോഗം തടയാനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതായി ട്രംപ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 11 ലക്ഷം കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത് എന്നാണ് കണക്ക്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.