സ്വന്തം ലേഖകന്‍: ട്രാക്കുകളില്‍ കൊടുങ്കാറ്റാവാന്‍ ഉസൈന്‍ ബോള്‍ട്ട് ഇനിയില്ല, വിടവാങ്ങള്‍ മത്സരത്തില്‍ ജസ്റ്റിന് ഗാറ്റ്ലിനു മുന്നില്‍ മുട്ടുകുത്തി. ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ മൂന്നാം സ്ഥാനക്കാരനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് ഓട്ടം നിര്‍ത്തിയത്. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് സ്വര്‍ണം. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്മാന് രണ്ടാമതെത്തി.
മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഉസൈന്‍ ബോള്‍ട്ട് ലണ്ടനിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ലോക ചാന്പ്യന്‍ഷിപ്പിന്റെ ഹീറ്റ്സിലും സെമിയിലും അത്ര ശോഭനമായിരുന്നില്ല ബോള്‍ട്ടിന്റെ ഓട്ടം. ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാനേ ബോള്‍ട്ടിന് കഴിഞ്ഞുള്ളൂ. മികച്ച തുടക്കം കിട്ടാത്തതാണ് ഉസൈന്‍ ബോള്‍ട്ടിന് വിനയായത്.
എന്നാല്‍ ജസ്റ്റിന് ഗാറ്റ്ലിന് ആ പിഴവ് സംഭവിച്ചില്ല. 9.92 സെക്കന്‍ഡിലാണ് ഗാറ്റ്ലിന് 100 മീറ്റര്‍ പിന്നിട്ടത്. രണ്ട് തവണ മരുന്നടിച്ച് പുറത്താകേണ്ടി വന്ന 35കാരനായ ഗാറ്റ്ലിന് ബോള്‍ട്ടിന്റെ അവസാന ഷോയിലെ നായകനായി.സംഭവബഹുലമായ ഒരു കരിയറിന്റെ വേദനിപ്പിക്കുന്ന അന്ത്യമാണ് ലണ്ടനില്‍ കണ്ടത്. അവസാന വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടാന്‍ പറ്റാത്തതില്‍ കണ്ണീരുമായാണ് ബോള്‍ട്ടും ആരാധകരും മടങ്ങിയത്.
ബോള്‍ട്ടിന്റെ കരിയറിലെ ഇരുപതാം 100 മീറ്റര്‍ സ്വര്‍ണമാണ് ലണ്ടനില്‍ കൈവിട്ടത്. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയത് 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ്. അന്ന് പക്ഷേ കൂടെയോടിയ അമേരിക്കയുടെ ഇസിയ യങ് 9.98 സെക്കന്‍ഡെടുത്തു ഫിനിഷ് ചെയ്യാന്‍. ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന് ബോള്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി ഗ്രൂപ്പ് റിലേയില്‍ ജമൈക്കയ്ക്ക് വേണ്ടി ഒരു മത്സരം കൂടി ബോള്‍ട്ടിന് ബാക്കിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല