സ്വന്തം ലേഖകന്‍: ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം. 1945 ആഗസ്റ്റ് ആറിന് ശാന്തസുന്ദരമായി ഉണര്‍ന്നെണീറ്റ് പതിവുപോലെ പ്രവര്‍ത്തിച്ച് തുടങ്ങിയ ഹിരോഷിമ എന്ന സുന്ദര നഗരത്തിന് മേല്‍ രാവിലെ 8.15 നായിരുന്നു എനോള ഗേ ടിബറ്റ്സ് എന്ന അമേരിക്കന്‍ വിമാനം പറന്നുയര്‍ന്ന് 12.5 ടണ്‍ ഭാരമുള്ള ലിറ്റില്‍ ബോയ് എന്ന ഓമനപ്പേരില്‍ ദുരന്തം വിതറിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ എണ്‍പതിനായിരത്തോളം ജീവനുകളും അതിലേറെ പ്രതീക്ഷകളും കരിഞ്ഞ് ചാമ്പലായി. മരിച്ചവര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം ആളുകള്‍ അണുബോംബിന്റെ കെടുതികള്‍ പേറേണ്ടി വന്നു. പത്ത് ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് അന്ന് ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടത്. തലമുറകള്‍ക്കിപ്പുറവും ആ ദുരന്തത്തിന്റെ കഷ്ടതകള്പേറി ജീവിക്കുന്ന ഒരുപാട് മനുഷ്യ ജന്മങ്ങളെക്കാണാം. ആ കാഴ്ചകള്‍ ഇനിയൊരുയുദ്ധം വേണ്ട എന്ന ചിന്തയെ വീണ്ടും ഊട്ടിഉറപ്പിക്കുന്നതാണ്.
ഹിരോഷിമയുടെ കണ്ണുനീര് വറ്റും മുന്‍പ് നാഗസാക്കിയിലും അമേരിക്ക തങ്ങളുടെ യുദ്ധക്കൊതിയുടെ വിത്തുകള്‍ പാകി . 21 ടണ്‍ സ്ഫോടക ശേഷിയുള്ള ഫാറ്റ്മാന്‍ എന്ന പ്ലൂട്ടോണിയം ബോംബായിരുന്നു നാഗസാക്കിയില്‍ മരണം വിതച്ചത്. എഴുപത്തി അയ്യായിരത്തോളം ജീവിതങ്ങളാണ് ഫാറ്റ്മാന്‍ കവര്‍ന്നെടുത്തത്. തുടര്‍ന്നുള്ള ഓരോ ആഗസ്റ്റ് ആറിനും ഹിരോഷിമ ഒരു വേദനിപ്പിക്കുന്ന ഓര്‍മയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല