സ്വന്തം ലേഖകന്‍: പാന്‍സ്റ്റിടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജോര്‍ദാനിലെ രാഷ്ട്രീയ നിരീക്ഷകന് മകന് കൊടുത്ത പണി, ഒറ്റ ദിവസം കൊണ്ട് നിരീക്ഷകന് ഇന്റര്‍നെറ്റ് ലോകത്ത് വൈറലായി. ജോര്‍ദാന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സ്ഥിരം മുഖമായ മജിദ് അസ്ഫോര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പ്രശസ്തനായിരിക്കുകയാണ്. എന്നാല്‍ ചൂടന്‍ ചാനല്‍ ചര്‍ച്ചകളോ അതിലെ രാഷ്ട്രീയമോ അല്ല, മറിച്ച് തന്റെ പാന്സ്റ്റാണ് മജിദിനെ ലോക പ്രശസ്തനാക്കിയത്.
അല്‍ ജസീറയുടെ ചര്‍ച്ചയില്‍ മജിദ് വീട്ടില്‍ ഇരുന്ന് സ്കൈപ്പ് വഴി് പങ്കെടുക്കുകയായിരുന്നു. ചാനലില്‍ മജിദിയുടെ അര്‍ദ്ധഭാഗം കാണുമ്പോള്‍ അദ്ദേഹം കോട്ടും ടൈയും അണിഞ്ഞ് വലിയ ഗമയിലാണ് ഇരിക്കുന്നത്. എന്നാല്‍ വീട്ടില്‍ ഇരുന്ന് സ്കൈപ്പിലുടെ മജിദ് സംസാരിക്കുന്നത് മകന് മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. വീട്ടിലെ ടിവിയില്‍ മജിദ് സംസാരിക്കുന്നത് പകര്‍ത്തിക്കൊണ്ട് അടുത്ത നിമിഷം തൊട്ടപ്പുറത്തിരിക്കുന്ന മജിദിലേക്ക് മകന്റെ മൊബൈല്‍ കാമറ പാന്‍ ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വേഷം വ്യക്തമാകുന്നത്.
കോട്ടും ഷര്‍ട്ടും ടൈയുമൊക്കെ ഉണ്ടെങ്കിലും അടിയിലേക്ക് പാന്റ്സ് ഒന്നുമില്ല. ഒരു സോഫയില്‍ ഇരിക്കുന്ന മജിദ് മടിയില്‍ രണ്ടു തലയിണകള്‍വച്ച് അതിനു മുകളില്‍ തന്റെ ലാപ്ടോപ്പും വച്ചാണ് സ്കൈപ് ചാറ്റ് നടത്തുന്നത്. ചാനലില്‍ കാണുമ്പോള്‍ പകുതി മാത്രമേ കാണുകയുള്ളു എന്ന ഉറപ്പിലായിരുന്നു ഈ കടുംകൈ. പിതാവിന്റെ വീഡിയോ തന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് മജിദിന്റെ മകന് അയച്ചു കൊടുത്തതോടെ സംഗതി കൈവിട്ടു പോയി. വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വൈറലാകാന്‍ അധികം താമസമൊന്നും വേണ്ടി വന്നില്ല.
ജോര്‍ദാന്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ മജിദ് അസ്ഫോര്‍ തന്നെയാണ് ഈ വീഡിയോ തന്റെ മകന് മനാഫ് പകര്‍ത്തിയതാണെന്നു സമ്മതിച്ചത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ താമസിക്കുന്ന മജിദ് ചൂടുകാരമാണ് താന്‍ വസ്ത്രം ഒഴിവാക്കിയതെന്നു വ്യക്തമാക്കി. ’30 ഡിഗ്രിയാണ് ചൂട്, ഞാന്‍ വീട്ടിലുമായിരുന്നു. അതുകൊണ്ടാണ് ഒരു ജാക്കറ്റും ഷര്‍ട്ടും മാത്രം ധരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്,’ മജിദ് പറയുന്നു. വര്‍ഷങ്ങളായി രാഷ്ട്രീയ നിരീക്ഷകനായി രംഗത്തുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയേറെ പബ്ലിസിറ്റി കിട്ടുന്നതെന്ന് തമാശ പറയാനും മജീദിന് മടിയില്ല!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല