സ്വന്തം ലേഖകന്‍: കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. ശരീരം വില്‍ക്കാനായി വെനിസ്വേലയിലെ യുവതികള്‍ മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക്. 18 വയസ്സിന് മുകളിലുള്ളവരുടെ വേശ്യാവൃത്തി നിയമപരമായ കൊളംബിയയാണ് വെനിസ്വേലയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മുഖ്യ ലക്ഷ്യം. ഒമ്പതു വയസു മുതലുള്ള വെനിസ്വേലന്‍ പെണ്‍കുട്ടികള്‍ കൊളംബിയയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതായി കഴിഞ്ഞ ദിവസം ദി ഇക്കണോമിസ്റ്റ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിയമപരമായി വേശ്യാവൃത്തി നടത്താന്‍ അനുവാദമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒരു വലിയ വിപണിയാണ് കൊളംബിയയിലെ മെഡലിയന്‍. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരികള്‍ക്കാണ് ഇവിടെ ആവശ്യക്കാര്‍ കൂടുതലെന്ന് യുകെയിലെ ചാനല്‍ 4 നടത്തിയ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വെനസ്വേലയില്‍ നിന്നും എകദേശം 4,500 യുവതികളാണ് കൊളംബിയയില്‍ വേശ്യാവൃത്തി ചെയ്യുന്നതെന്നാണ് കണക്ക്.
രണ്ടു രാജ്യങ്ങളിലൂം ലൈംഗിക വ്യാപാരം അനുവദനീയമാണെങ്കിലും അടുത്തിടെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൊളംബിയന്‍ പോലീസ് വെനസ്വേലിയന്‍ സ്ത്രീകളെ നാടുകടത്തുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ തൊഴില്‍ വിസയുള്ള വെനസ്വേലിയന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് കൊളംബിയയില്‍ ജോലി ചെയ്യാമെന്ന് കൊളംബിയന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു വരുമാനമില്ലെന്ന ലൈംഗിക തൊഴിലാളികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കൊളംബിയയിലെ വെനസ്വേലിയന്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 1.5 ദശലക്ഷം വെനസ്വേലക്കാര്‍ കൊളംബിയയിലുണ്ട്. ഇവരില്‍ 40 ശതമാനത്തിനും ശരിയായ രേഖകളില്ല. ലൈംഗിക തൊഴിലാളികള്‍ക്ക് പുറമേ ഇലക്ട്രീഷ്യന്‍മാര്‍, മെക്കാനിക്കുകള്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം കൊളംബിയില്‍ ജീവിതം തേടുന്നു. നാണ്യപ്പെരുപ്പം 700 ശതമാനം കടന്നിരിക്കുന്ന വെനസ്വേലയുടെ കറന്‍സി ബൊളിവറിന്റെ തകര്‍ച്ചയാണ് ഇവരെ അയല്‍ രാജ്യത്ത് സാമ്പത്തിക അഭയാര്‍ഥികളാക്കിയത്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ വെനസ്വേലയില്‍ തൊഴില്ലായ്മ 9.4 ശതമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല