സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രശനത്തില്‍ ചൈന ഇടപെടുന്നു, യുഎസും ഉത്തര കൊറിയയും പോര്‍വിളികള്‍ നടത്തി പ്രശ്നം വഷളാക്കരുതെന്ന് ആഹ്വാനം. കൊറിയന്‍ മുനമ്പില്‍ യുദ്ധഭീതി വിതക്കുന്ന വാക്കുകളും നടപടികളും അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും വാക്പോര് തുടര്‍ന്നാല്‍ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂവെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പു നല്കി. ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഷിയുടെ മധ്യസ്ഥ ശ്രമം.
ഉത്തര കൊറിയയുടെ പ്രകോപനം സൃഷ്ടിക്കുന്ന നടപടികളും സ്വഭാവവും അവസാനിപ്പിക്കാമെന്ന് ഷി ജിന്‍പിങ് ഉറപ്പുനല്‍കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ ഉത്തര കൊറിയ രണ്ട് ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറിയില്ലെങ്കില് യു.എസ് ഉത്തര കൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, യു.എസിന്റെ വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നായിരുന്നു ഉത്തര കൊറിയയുടെ മറുപടി. കഴിഞ്ഞദിവസം ഏതാക്രമണത്തിനും അമേരിക്കന്‍ സൈന്യം സുസജ്ജമാണെന്ന് ട്രംപ് തിരിച്ചടിച്ചതോടെ കൊറിയന്‍ മുനമ്പിലെ യുദ്ധഭീതി ഇരട്ടിച്ചു.
ഉത്തര കൊറിയയുടെ മിസൈലിനെ പ്രതിരോധിക്കാന്‍ ജപ്പാന് മിസൈല്‍ പ്രതിരോധസംവിധാനവും സജ്ജമാക്കി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മാധ്യസ്ഥ ശ്രമവുമായി ചൈനയുടെ നീക്കം. ഇരുരാജ്യങ്ങളും പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ചൈന നേരത്തേ ആവശ്യപ്പെട്ടിരുന്നു. യു.എസിനെ ആദ്യം ആക്രമിക്കുകയാണെങ്കില്‍ ഉത്തര കൊറിയക്ക് ഒരു വിധത്തിലുള്ള സഹായവും ചെയ്യില്ലെന്ന് പ്രധാന അണിയായ ചൈന കഴിഞ്ഞദിവസം നയം വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രശ്നത്തില്‍ ചൈന ഇടപെടുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല