സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം. ഇതുസംബന്ധിച്ചു കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ ബന്ന കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി സമഗ്രനയത്തിനു രൂപം നല്‍കാനും ആലോചനയുണ്ട്. കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കു വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ യുഎഇക്കു താല്പര്യമുണ്ടെന്ന് സ്ഥാനപതി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കണക്കിലെടുക്കുമ്പോള്‍ ഇതിനു സാധ്യതകളുണ്ട്.
വിനോദ സഞ്ചാരികള്‍, വ്യവസായികള്‍, കുടുംബമായി താമസിക്കുന്നവര്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ആഴ്ചയില്‍ ഏകദേശം 1.3 ലക്ഷം പേര് യാത്ര ചെയ്യുന്നതായാണു കണക്ക്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നത് യാത്രക്കാര്‍ക്ക് സഹായകമാകുമെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല