സ്വന്തം ലേഖകന്‍: അവസാന നിമിഷം കാലിടറി, വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വീണ ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട പറഞ്ഞു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ അവസാന ഇനമായ 4 x 100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ട്രാക്കില്‍ മുടന്തി നീങ്ങിയ ബോള്‍ട്ട് മത്സരം അവസാനിക്കാന്‍ 50 മീറ്റര്‍ ശേഷിക്കെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കണ്ണീരോടെയാണ് ഇതിഹാസ താരം മൈതാനം വിട്ടത്.
ഈ മത്സരത്തോടെ ബോള്‍ട്ട് ട്രാക്കിനോട് വിടപറയുകയും ചെയ്തു. ആതിഥേയരായ ബ്രിട്ടനാണ് റിലേയില്‍ സ്വര്‍ണം ലഭിച്ചത്. ബ്രിട്ടീഷ് ഓട്ടക്കാര്‍ 37.47 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പ്പോള് അമേരിക്കന്‍ ടീം വെള്ളിയും ജപ്പാന് വെങ്കലവും നേടി. നേരത്തേ, 100 മീറ്ററിലെ അവസാന പോരാട്ടത്തിലും ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
110 ഹര്‍ഡില്‍സ് ചാമ്പ്യ ഒമര്‍ മക്ലിയോഡ്, ജൂലിയന്‍ ഫോര്‍ട്ടെ, മുന്‍ലോക സ്പ്രിന്റെ ചാമ്പ്യന്‍ യൊഹാന്‍ ബ്ലെയ്ക്ക്, ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട സംഘമാണ് ജമൈക്കക്കായി അണിനിരന്നത്. വനിതകളുടെ 4 x 100 മീറ്റര്‍ റിലേയിലും അമേരിക്ക സ്വര്‍ണം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തിയിരുന്ന ഇന്ത്യയുടെ ദേവീന്ദര്‍ സിങ്ങിന് 12 ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല