സ്വന്തം ലേഖകന്‍: പോലീസ് നിര്‍ബ്ബന്ധിച്ച് ഹിജാബ് വലിച്ചൂരിയ മുസ്ലീം യുവതിയ്ക്ക് 85,000 ഡോളര്‍ നഷ്ട പരിഹാരം നല്കാന് യുഎസ് കോടതി വിധി. കിര്‍സ്റ്റി പവല്‍ എന്ന യുവതിയ്ക്കാണ് നഷ്ടപരിഹാരമായി 85,000 ഡോളര്‍ നല്കാന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചത്. കാലിഫോര്‍ണിയ മുനിസിപ്പല്‍ അധികൃതര്‍ക്ക് എതിരെയാണ് വിധി. കാലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ 2015 ലാണ് സംഭവം.
ഭര്‍ത്താവിനൊപ്പം കാറോടിച്ച് പോകുമ്പോള്‍ ഇവരെ പോലീസ് ഓഫീസര്‍മാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ ഇവരുടെ ഹിജാബ് നിര്‍ബ്ബന്ധിപ്പിച്ച് അഴിപ്പിച്ച ശേഷം ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ താമസിപ്പിക്കുകയും ചെയ്തതായാണ് പരാതി. പോലീസിന്റെ നടപടിയില്‍ ഒരു രാത്രി മുഴുവന്‍ തനിക്ക് കടുത്ത മാനസീക പീഡനങ്ങളും അപമാനവും നേരിടേണ്ടി വന്നതായും തന്റെ സത്യനിഷ്ഠയും മതപരമായ വിശ്വാസങ്ങളും ഒരുപോലെ അപമാനിക്കപ്പെടുന്ന അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ ഹര്‍ജിയില്‍ വാദിച്ചു.
ഒരു കട മോഷണവുമായി ബന്ധപ്പെട്ട് പവലിന്റെ പേരില്‍ പുറപ്പെടുവിച്ച വാറന്റുമായി വന്നായിരുന്നു പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പവലിന്റെ ഭര്‍ത്താവ് വനിതാപോലീസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലൂം അങ്ങിനെ ചെയ്യാതെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വെച്ച് ശരിയായ ഫോട്ടോയെടുക്കാന്‍ ഹിജാബ് ഊരിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മതപരമായ ആചാരം ലംഘിച്ച് ഹിജാബ് ഇല്ലാതെ പൊതുജന മദ്ധ്യത്തില്‍ നില്‍ക്കേണ്ടി വന്നത് കടുത്ത അപമാനത്തിനും മതപരമായുള്ള അസൗകര്യങ്ങള്‍ക്കും ശക്തമായ മാനസീക ബുദ്ധിമുട്ടിനും കാരണമായതായും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പവലിന്റെ നിയമ പോരാട്ടത്തിന് അമേരിക്കന്‍ മുസ്ളീങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചിരുന്നത്. തന്റെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പവലിന്റെ പോരാട്ടത്തിന് പിന്തുണയുമായി നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല