മുന്‍ എഡിറ്റര്‍ ആന്റി കോള്‍സണിന്റെ കാലത്ത് ന്യൂസ് ഓഫ് ദ വേള്‍ഡു വന്‍ തോതില്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്ന് വെളിപ്പെടുത്തിയ ന്യൂസ് ഓഫ് ദ വേള്‍ഡിലെ മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോവറിനെ ലണ്ടനിലെ വടക്കന്‍ പ്രവിശ്യയിലുള്ള സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, പ്രധാനമന്ത്രി ഡേവിഡ് കാമറിനെ വരെ വേട്ടയാടുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം പലരുടെയും തലകള്‍ തെറിപ്പിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഈ മരണം. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പറയുന്നത്.
ബ്രിട്ടനിലെ ഏറ്റവും ഉന്നത പോലീസ് ഉദ്യോഗസ്ഥരായ മെട്രോപോളിറ്റന്‍ പോലീസ് കമ്മീഷണര്‍ സര്‍ പോള്‍ സ്റ്റീഫന്‍സനും അസിസ്റ്റന്‍ട് കമ്മീഷണര്‍ ജോണ് യെറ്റ്സും രാജി വെച്ചു. ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ മാധ്യമ ഭീമന്‍ മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡിലെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ നീല്‍ വാലിസിന്റെ ആതിഥ്യം സ്വീകരിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്റ്റീഫന്‍സന്‍ രാജി വെച്ചത്. പബ്ലിക് റിലേഷന്‍സ് കണ്‍സല്‍ട്ടന്റായ് നീല്‍ മുന്പ് ജോലി ചെയ്തിരുന്ന വന്‍കിട ഹെല്‍ത്ത് റിസോട്ടില്‍ സ്റ്റീഫന്‍സന്‍ അഞ്ചാഴ്ച താമസിച്ചു എന്നതായിരുന്നു ആരോപണം. ഇതിനു പുറമേ നീല്‍ വാലിസിനെ സ്വന്തം ഉപദേഷ്ടാവായ് സ്റ്റീഫന്‍സന്‍ പിന്നീട് നിയമിക്കുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ നീലിനെ കഴിഞ്ഞ ആഴ്ചയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് 2005 മുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടും ശരിയായ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപമാണ് തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന ഓഫീസര്‍ കൂടിയായ യേറ്റ്സിന്റെ രാജിയ്ക്ക് വഴിയൊരുക്കിയത്. കേസ് പുനരന്വേഷിക്കണ്ട എന്നാ തീരുമാനം 2009 ല്‍ യെട്ട്സാനു എടുത്ത് എന്നാല്‍ ഈ വര്ഷം ജനുവരിയില്‍ നടത്തിയ പുതിയ അന്വേഷണത്തില്‍ തെളിവായ് ഉണ്ടായിരുന്ന 11000 പേജ് വരുന്ന രേഖകള്‍ യേറ്റ്സ് പൂഴ്ത്തി വെച്ചെന്ന് കണ്ടെത്തിയിരുന്നു.
പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ പ്രധാനമന്ത്രി ആഫ്രിക്കന്‍ സന്ദര്‍ശനം വെട്ടി ചുരുക്കി ബ്രിട്ടനിലേക്ക് മടങ്ങി. നാളെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും അദേഹം വിളിച്ചിട്ടുണ്ട്. സഭ ഈ വിഷയം സമഗ്രമായ് ചര്‍ച്ച ചെയ്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല