സ്വന്തം ലേഖകന്‍: ദുബായില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു, ഇടപാടുകാരെ ചൂണ്ടയിടാന്‍ മലയാളി സുന്ദരിമാരുടെ ചിത്രമുള്ള ബിസിനസ് കാര്‍ഡുകള്‍. ഇത്തരം കാര്‍ഡുകള്‍ പതിവു കാഴ്ചയായതോടെ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദ നായികമാരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്.
ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമൊക്കെയാകും ശിക്ഷ. മലയാള നടിമാരും കേരളത്തില്‍ അടുത്ത കാലത്ത വാര്‍ത്താ പ്രാധാന്യം നേടിയ ചില വിവാദ നായികമാരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ നിര്‍ത്തിയിട്ട കാറുകളുടെ വിന്‍ഡ് സ്ക്രീന്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് പതിവായ സാഹചര്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് നടപടി.
ഇക്കാര്യത്തില്‍ നിയമം കര്‍ക്കശമാക്കുന്ന കാര്യം വേസ്റ്റ് മാനേജ്മെന്റ് വകുപ്പ് നിയമവകുപ്പില്‍ നിന്നും അനുവാദം തേടിയിട്ടുണ്ട്. പ്രധാനമായും മലയാളികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മലയാള നടിമാരുടെ ചിത്രങ്ങള്‍ ബിസിനസ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്നത്. അനേകം മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിക്കുഴിയില്‍ വീഴുന്ന പെണ്‍വാണിഭ സംഘങ്ങള്‍ അടങ്ങിയ അനാശാസ്യ കേന്ദ്രങ്ങളാണ് ഈ മസാജ് പാര്‍ലറുകള്‍. ഇത്തരം കേന്ദ്രങ്ങളിലേക്ക് ആള്‍ക്കാരെ എത്തിക്കുകയാണ് ഇത്തരം കാര്‍ഡുകളുടെ ലക്ഷ്യം.
ലൈസന്‍സുള്ള മസാജ് പാര്‍ലറുകള്‍ക്കും നടപടി ബാധകമാക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 500 ദിര്‍ഹമുള്ള പിഴ 10,000 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇത്തരം കാര്‍ഡുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന പല പാര്‍ലറുകളും തട്ടിപ്പാണെന്നും അനധികൃതമായി വ്യക്തികള്‍ പെണ്‍വാണിഭ ഇടപാടുകള്‍ക്ക് വേണ്ടി നടത്തുന്നതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ നഗരത്തില്‍ വന്‍ തോതിലായതോടെ നഗരവാസികള്‍ക്ക് ശല്യമായി മാറുകയും വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരം ഏഴ് ദശലക്ഷം കാര്‍ഡുകള്‍ കണ്ടെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല