സ്വന്തം ലേഖകന്‍: ബാഴ്സലോണയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റിയ ഭീകരനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവച്ചു കൊന്നു, കൊല്ലപ്പെട്ടത് മൊറാക്കോ പൗരത്വമുള്ള ഇരുപത്തിരണ്ടുകാരന്. ബാഴ്സലോണയിലെ തിരക്കേറിയ ലാസ് റാംബ്ലാസ് തെരുവിലെ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ വാന്‍ ഓടിച്ചുവെന്ന് കരുതുന്ന യൂനസ് അബുയാക്കൂബ് എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ഇയാള്‍ ധരിച്ചിരുന്നതായി കരുതിയിരുന്നെങ്കിലും പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.
പ്രതിയുടെ പേര് യൂനസ് അബുയാക്കൂബ് കാറ്റലോണിയ ആഭ്യന്തര മന്ത്രി ജാക്വിം ഫോന് നേരത്തെ പ്രാദേശിക റേഡിയോയോട് വെളിപ്പെടുത്തിയിരുന്നു. സംഭവശേഷം പ്രതി സ്പാനിഷ് പൗരനെ കുത്തിവീഴ്ത്തി കാറുമായി കടന്നുവെന്നാണ് പോലീസ് നിഗമനം. യൂനസ് അബുയാക്കൂബെന്ന് സംശയിക്കുന്ന വ്യക്തി ലാസ് റാംബല്സിന് സമീപം ലാ ബുഖോറിയ മാര്‍ക്കറ്റില്‍ നില്ക്കുന്ന ചിത്രം തിങ്കളാഴ്ച സ്പാനിഷ് പത്രമായ എല്‍ പൈയ്സ് പ്രസിദ്ധീകരിച്ചിരുന്നു.
പ്രതിക്കായി യൂറോപ്പിലാകെ പൊലീസ് വലവിരിച്ചിരുന്നു. സ്പെയിന് അതിര്‍ത്തികടന്നു ഫ്രാന്‍സിലേക്കു യൂനസ് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ബാര്‍സിലോനയില്‍ നിന്നു 40 കിലോമീറ്ററോളം മാറി ഇയാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഭീകരാക്രമണം നടത്തിയ 12 അംഗ സംഘത്തില്‍ ഇയാള്‍ മാത്രമാണു രക്ഷപ്പെട്ടിരുന്നത്. ബാക്കിയുള്ളവര്‍ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല