സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഡെപ്യൂട്ടി മേയറും കൗണ്‍സിലറുമായ ടോം ആദിത്യ ട്ടനിലെ ന്യുനപക്ഷ ജന വിഭാഗളുടെ ഇടയിലുള്ള ആശങ്കകളും പ്രശ്നങ്ങളും കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. യു.കെ.യില്‍ പുതുതായി നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുന്ന വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കു NMC രജിസ്ട്രേഷന് ലഭിക്കുവാനുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയുടെ (IELTS) സ്കോര്‍ 6 ആയി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുകെയുടെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ പ്രത്യേകിച്ചു ഇന്‍ഡ്യക്കാരുടെ മാതാപിതാക്കള്‍ക്ക് ബ്രിട്ടനില്‍ വന്നു മക്കളോടൊപ്പം താമസിക്കുന്നതിന് തടസം നില്ക്കുന്ന ബ്രിട്ടീഷ് വിസ നിയമങ്ങള്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടുന്നത്തിന്റെ ആവശ്യകതയും കൗണ്‍സിലര്‍ ടോം ആദിത്യ പ്രധാനമന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ചു.
വംശീയ അക്രമങ്ങള്‍ക്കു വിധേയരാകുന്ന വ്യക്തികള്‍ക്ക് നല്കുന്ന പരിരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യവും, കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്കുവാന് ജുഡീഷ്യല്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടുന്നതിന്റെ ആവശ്യകതയും ടോം ആദിത്യ, പ്രധാനമന്ത്രിയുമായി സംസാരിച്ചു. ആവശ്യമായ കാര്യങ്ങള്‍ പഠിച്ചതിനു ശേഷം നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.
ബ്രിട്ടനിലെ സാമൂഹ്യസാംസ്കാരിക മേഖലകളില്‍ സാമൂഹ്യ പ്രതിബദ്ധതയോടും, അര്‍പ്പണ മനോഭാവത്തോടും കൗണ്‍സിലര്‍ ടോം ആദിത്യ നടത്തിയ സേവനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിക്കുകയും, ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപെട്ടതില് അഭിനന്ദിക്കുകയും ചെയ്തു. ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നും 2011 ലും 2015 ലും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കഴിഞ്ഞ രണ്ടു തവണയും കൗണ്‍സിലറായി ടോം ആദിത്യ വിജയഭേരി മുഴക്കിയത്.
സൗത്ത് വെസ്ററ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയുടെയും സമീപ ഒന്‍പതു ജില്ലകളുടെയും പോലീസ് സേനയെ നിയന്ത്രിക്കുന്ന പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ആദിത്യ, 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ളോസ്ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്. ബ്രിസ്റ്റോള്‍ നഗരത്തിലെ വിവിധ മത നേതാക്കളുടെ പൊതുവേദിയായ ബ്രിസ്റ്റോള്‍ മള്‍ട്ടി ഫെയിത്ത് ഫോറത്തിന്റെ ട്രസ്ററിയുമാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല