സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിങ് മേഖലകളില്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ടിങ് നിര്‍ത്തിവക്കുന്നതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
അഞ്ചു വര്‍ഷം പരിചയത്തിനുപുറമേ സൗദിയിലേക്കുവരുന്ന വിദേശ എന്‍ജിനീയര്‍ക്ക് തൊഴില്‍ മേഖലയില്‍ എത്രത്തോളം അവബോധമുണ്ടെന്ന് മനസ്സിലാക്കുന്നതിനായി സൗദി എന്‍ജിനീയര്‍ കൗണ്‍സില്‍ നടത്തുന്ന തൊഴില്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും വിജയിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പുതിയ തീരുമാനം.
അതിനു പുറമെ വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നേടുന്നതിന് കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി ആവശ്യമാണെന്ന സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ അറിയിപ്പും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എക്‌സിറ്റ് നേടി 60 ദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്നും അധികൃതര്‍ പറഞ്ഞു. റെസിഡന്റ് ഐഡന്റിറ്റി കാര്‍ഡിന് അഞ്ചുവര്‍ഷം കാലാവധി ഉണ്ടെങ്കിലും ഓരോ വര്‍ഷവും ഓണ്‍ലൈന്‍ വഴി പുതുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല