1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2017

സ്വന്തം ലേഖകന്‍: സൗദി സഖ്യത്തെ വകവെക്കാതെ ഇറാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അംബാസിഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസിഡറെ നിയമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഇറാനിലെ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സ്ഥാനപതിയെ തിരികെ നിയമിക്കുന്നത്. അതേസമയം എന്നുമുതല്‍ക്കാണ് സ്ഥാനപതി ജോലിയില്‍ പ്രവേശിക്കുന്നതെന്ന് വ്യക്തമല്ല. എല്ലാ മേഖലകളിലും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണെന്ന് ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇരുപത് മാസങ്ങള്‍ക്കുശേഷമാണ് ടെഹ്‌റാനില്‍ വീണ്ടും ഖത്തര്‍ എംബസി സജീവമാകുന്നത്. 2016 ജനുവരിയിലാണ് ടെഹ്‌റാനില്‍നിന്ന് സ്ഥാനപതിയെ ഖത്തര്‍ തിരികെ വിളിച്ചത്. ഷിയ മുസ്ലിം പുരോഹിതനെ വധിച്ച റിയാദിന്റെ നടപടിക്കെതിരെ സൗദി എംബസിക്ക് നേര്‍ക്കുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഈ നടപടി. സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അന്ന് ഖത്തര്‍ സ്ഥാനപതിയെ തിരികെ വിളിച്ചത്.

എന്നാല്‍ വ്യാപാര ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും തുടര്‍ന്നിരുന്നു. ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനു ശേഷം ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖല പങ്കുവെയ്ക്കുന്ന ഖത്തറും ഇറാനും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇറാനില്‍ ഖത്തര്‍ എംബസി സജീവമാകുന്നതോടെ ഇറാനില്‍നിന്നുള്ള ഭക്ഷ്യഇറക്കുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.