സ്വന്തം ലേഖകന്‍: യൂറോപ്പിന്റെ ഫുട്ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം. മുഖ്യ എതിരാളിയായ ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും യുവന്റസിന്റെ ബുഫണിനെയും കടത്തിവെട്ടിയാണ് റയല്‍മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ 2016, 17 സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള പുരസ്കാരവും യുവേഫയുടെ പുരസ്കാരവും സ്വന്തമാക്കിയത്.
വോട്ടിങില്‍ രണ്ടാം സ്ഥാനം യുവന്റസ് താരം ബഫണ് സ്വന്തമാക്കിയപ്പോള്‍ മെസിക്ക് മൂന്നാമതെത്താനെ കഴിഞ്ഞുള്ളു. ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലും ടീമിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി താരം ഈ നേട്ടം കൈവരിച്ചത്. യുവേഫ അസോസിയേഷന് മെമ്പര്‍മാര്‍ക്കു പുറമെ 80ഓളം ക്ലബുകളുടെ പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരുമടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ 12 ഗോളോടെ ടോപ് സ്കോററായിരുന്നു.
റയലിന്റെ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ റഫറിയോട് മോശം പെരുമാറ്റം നടത്തിയതിന് സസ്പെന്‍ഷനില്‍ കഴിയുകയാണ് ക്രിസ്റ്റ്യോനോ. റൊണാള്‍ഡോയുടെ സഹതാരം സെര്‍ജിയോ റാമോസ് ഈ വര്‍ഷത്തെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി. മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്കാരം ക്രൊയേഷ്യന്‍ താരം ലൂകാ മൊഡ്രിക്കിനാണ്. ഡച്ച് താരം ലെയ്ക് മാര്‍ട്ടിന്‍സിനെ മികച്ച വനിതാ ഫുട്ബോളറായി തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല