സ്വന്തം ലേഖകന്‍: സ്വകാര്യത മൗലികാവകാശം തന്നെ, അടിവരയിട്ട് സുപ്രീം കോടതി വിധി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഒമ്പതംഗ സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഏകകണ്ഠമായി വിധിച്ചു. സ്വകാര്യതയെ ഹനിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ഇതോടെ സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും വിധികള്‍ അസാധുവാകും. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണു സ്വകാര്യത. ഇത് ജീവിക്കാനുള്ള അവകാശവുമായും വ്യക്തി സ്വാതന്ത്ര്യവുമായും നൈസര്‍ഗികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണു സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, സ്വകാര്യത എന്നത് ഒരു സന്പൂര്‍ണ അവകാശമല്ലെന്നും വിധിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കാര്യകാരണ സഹിതം നിയമപരമായ ഇടപെടല്‍ സ്വകാര്യതയിലും ന്യായീകരിക്കപ്പെടുമെന്നും വിധിയില്‍ സൂചിപ്പിക്കുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മറ്റു മൗലികാവകാശങ്ങള്‍ പോലെ തന്നെ പരമമല്ലെന്നും ഭരണകൂടത്തിന്റെ നീതിപൂര്‍വകവും നിയമവിധേയവുമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നും ആറു വ്യത്യസ്ത വിധി പ്രസ്താവങ്ങളിലായി ഒന്പതംഗ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഒമ്പതംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല