സ്വന്തം ലേഖകന്‍: ഖത്തറില്‍ വീട്ടുജോലിക്കാരെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം, ജോലിക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നിബന്ധനകള്‍. തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കരാര്‍ നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന പുതിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് അംഗീകാരം നല്‍കിയത്. ഹൗസ് ഡ്രൈവര്‍മാര്‍, വേലക്കാരികള്‍, പാചകക്കാര്‍, തോട്ടക്കാര്‍ തുടങ്ങിയ എല്ലാ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവും ഇതിന്റെ പരിധിയില്‍ വരും.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. 18 വയസ്സിന് താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കാന്‍ പാടില്ല എന്നതാണ് നിയമത്തിന്റെ സുപ്രധാന വകുപ്പ്. ഗാര്‍ഹിക തൊഴിലാളിക്ക് വര്‍ഷത്തില്‍ മൂന്നാഴ്ചത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അര്‍ഹതയുണ്ട്. അവധിയുടെ സമയം തീരുമാനിക്കാനുള്ള അവകാശവും തൊഴിലാളിക്കായിരിക്കും. നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ ലംഘിക്കുന്നവര്‍ക്ക് 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴയടക്കേണ്ടിവരും.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാനുള്ള റിട്ടേണ്‍ ടിക്കറ്റും കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയാണെങ്കില്‍ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും സ്പോണ്സര് നല്‍കണം. മാസശമ്പളം അതത് മാസത്തിന്റെ അവസാനത്തില്‍ നല്‍കണമെന്നും പരമാവധി അടുത്ത മാസം മൂന്നാം തിയതി വരെ മാത്രമെ ഇത് നീളാവൂ എന്നും നിയമത്തില്‍ വ്യക്തമാക്കി. ശമ്പളം തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ കൈവശം കൊടുക്കുകയാണെങ്കില്‍ കിട്ടി എന്ന് വ്യക്തമാക്കുന്ന തൊഴിലാളിയുടെ ഒപ്പ് വാങ്ങുകയോ വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല