സ്വന്തം ലേഖകന്‍: ഏഴ് വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ള വസ്ത്രം ധരിച്ച് മുഖം മറച്ച് നെഞ്ചില്‍ നിന്ന് രക്ഷം പൊടിഞ്ഞ് അവര്‍ വരുന്നു, കൗതുകമായി ഇറ്റലിയിലെ അപൂര്‍വമായ ‘റിതി സെറ്റെന്നാലി ഡി പെനിറ്റെന്‍സ’ ഉത്സവം. ഇറ്റലിയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് ഈ മതഘോഷയാത്രയില്‍ പങ്കെടുക്കാനെത്തുന്നത്. ഇറ്റലിയിലെ തെക്കന്‍ മേഖലയിലുള്ള കാംപാനിയയാണ് ഇത്തരത്തിലൊരു ഉത്സവത്തിന് വേദിയാകുന്നത്.
ഓരോ ഏഴ് വര്‍ഷം കൂടുമ്പോഴും ഈ ചടങ്ങ് നടക്കുന്നു. 2010 ലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലൊരു ചടങ്ങ് നടന്നത്. ഉണ്ണിയേശുവിനെ കൈയിലെടുത്ത് കന്യാമറിയം പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിച്ചാണ് ഈ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. കാംപാനിയയിലെ തെരുവുകളിലൂടെ കൈയില്‍ കുരുശുമായി വിശ്വാസികള്‍ നടന്നു നീങ്ങുന്നത് കൗതുക കാഴ്ചയാണ്. സൂചികള്‍ തറച്ചുള്ള ഒരു കോര്‍ക്ക് ഉപയോഗിച്ച് ഇവരുടെ നെഞ്ചില്‍ നിന്നും രക്തം പൊടിയുന്നതും സ്ഥിരം കാഴ്ചയാണ്.
നടന്നു നീങ്ങുമ്പോള്‍ ഈ കോര്‍ക്ക് അവര്‍ നെഞ്ചില്‍ കുത്തിയിറക്കുകയാണ് ചെയ്യുക. രക്തം വസ്ത്രത്തിലേക്ക് ഒലിച്ചിറങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ‘സെല്‍ഫി’ക്ക് നിരോധനം ഏര്‍പ്പെടുത്തി മേയര്‍ ഉത്തരവിറക്കിയിരുന്നു. മതാചാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് പ്രധാന കാരണം. മറ്റൊരു കാര്യം, മുന്‍ വര്‍ഷങ്ങളില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നില്ല എന്നതാണ്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടികള്‍ ഈ ഞായറാഴ്ച അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല