സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ടാക്സി കമ്പനികളിലെ സൗദിവല്‍ക്കരണം ഒന്നര ലക്ഷം സൗദിക്കാര്‍ക്ക് തൊഴില്‍ നല്‍കിയതായി സൗദി അധികൃതര്‍. യൂബര്‍, കരീം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്സി സേവനം നല്കുന്ന കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതോടെ വിദേശികളുടെ കുത്തക ഇല്ലാതായെന്നും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സൗദിയിലെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ ഒന്നര ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍റുമൈഹ് പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചതിനു ശേഷം സ്വദേശിവല്‍ക്കരണം 10 ശതമാനത്തില്‍ നിന്ന് 95 ശതമാനമായി ഉയര്‍ന്നു. ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന നടപടികളെ തുടര്‍ന്ന് 1,67,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു.
22 മുതല്‍ 25 വരെ പ്രായമുളള 45,156 സ്വദേശികള്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. സ്വതന്ത്രമായി പാര്‍ട് ടൈം ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ സ്വദേശികള്‍ക്ക് ഒരുക്കിയിട്ടുളളത്. സ്വന്തം കാറുകള്‍ ഉപയോഗിച്ച് ഒരു ലക്ഷത്തില്‍ താഴെ മാത്രം ഡ്രൈവര്‍മാരാണ് നേരത്തെ ഓണ്‍ലൈന്‍ ടാക്സി കമ്പനികളുമായി സഹകരിച്ച് സര്‍വീസ് നടത്തിയിരുന്നത്.
ഇവരില്‍ സ്വദേശികള്‍ പത്ത് ശതമാനം മാത്രമായിരുന്നു. നിലവില്‍ 1,67,000 സ്വദേശികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 90,000 വിദേശികള്‍ക്കാണ് ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ ജോലി നഷ്ടപ്പെട്ടതെന്നും അതോറിറ്റി വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ആഘാതമായ സ്വദേശിവല്‍ക്കരണം നടന്നത് ഓണ്‍ലൈന്‍ ടാക്സി മേഖലയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല