ദുബൈയ്: ഐസിസി പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലേക്ക് ഇന്ത്യയില്‍നിന്നു നാല്‌പേര്‍.ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം 10000 റണ്‍സ് തികച്ച സുനില്‍ ഗാവസ്‌കര്‍, ഓള്‍റൗണ്ടറും മുന്‍ക്യാപ്റ്റനുമായ കപില്‍ദേവ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍തെണ്ടുല്‍ക്കര്‍, ഓപ്പണിങ്ങിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് എന്നിവരാണ് ടീമിലിടം നേടിയ ഇന്ത്യന്‍താരങ്ങള്‍.
സ്വപ്ന ഇലവനില്‍ നാല് ഓസ്‌ട്രേലിയക്കാരും രണ്ട് വിന്‍ഡീസ് താരങ്ങളും ഒരു പാക്കിസ്ഥാന്‍കാരനുമുണ്ട്. വീരേന്ദര്‍ സേവാഗ്, സുനില്‍ ഗാവസ്‌കര്‍, ഡൊണാള്‍ഡ് ബ്രാഡ്മാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രയന്‍ ലാറ, കപില്‍ദേവ്, ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, വസീം അക്രം, കര്‍ട്‌ലി അംബ്രോസ്, ഗ്ലെന്‍ മഗ്രോ എന്നിവരാണ് അവസാന പതിനൊന്നു താരങ്ങള്‍.
വീരേന്ദര്‍ സേവാഗും സുനില്‍ ഗവാസ്‌കറും ഓപ്പണര്‍മാരുടെ റോളില്‍ ടീമില്‍ എത്തിയപ്പോള്‍ സച്ചിന്‍ മധ്യനിര ബാറ്റ്‌സ്മാനായും കപില്‍ദേവ് ഓള്‍റൗണ്ടറായും ടീമില്‍ സ്ഥാനം നേടി. വീരേന്ദര്‍ സെവാഗും സുനില്‍ ഗാവസ്‌കറുമാണ് എക്കാലത്തെയും മികച്ച ടീമിന്റെ ഓപ്പണര്‍മാര്‍. ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ലാറ എന്നിവരാണ് ടീമിലെ മധ്യനിര ബാറ്റ്‌സ്മാന്മാര്‍. ഓള്‍റൗണ്ടറായ കപില്‍ദേവിന് ശേഷം ഏഴാമനായാണ് ഗില്‍ക്രിസ്റ്റ് കളിക്കാനിറങ്ങുക. ഷെയ്ന്‍വോണ്‍, വസീം അക്രം, കര്‍ട്‌ലി അംബ്രോസ്, ഗ്ലെന്‍ മഗ്രാത്ത് എന്നിങ്ങനെയാണ് സ്‌പെഷലിസ്റ്റ് ബൗളര്‍മാരുടെ സ്ഥാനക്രമം.
ടെസ്റ്റ് ക്രിക്കറ്റ് മല്‍സരങ്ങള്‍ 2000 തികയുന്ന ചരിത്രമുഹൂര്‍ത്തത്തില്‍, ഐസിസി വെബ്‌സൈറ്റ് വഴി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റിനുള്ള ജനപ്രീതി വെളിപ്പെടുത്തുന്നതാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിലുണ്ടായ പ്രാതിനിധ്യമെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ് ഹാറൂണ്‍ ലോര്‍ഗത്ത് പറഞ്ഞു. രണ്ടരലക്ഷത്തോളം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. അതേസമയം ശ്രീലങ്ക, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ പ്രമുഖ ടീമുകളില്‍നിന്ന് ഒരാള്‍പോലും എക്കാലത്തെയും മികച്ച ടീമിലുള്‍പ്പെട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല