സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും. ഇത്തരം ലോറികള്‍ക്ക് ബ്രിട്ടനിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. പരീക്ഷണം വിജയിച്ചാല്‍ നെതര്‍ലന്‍സിനു പിന്നാലെ ഡ്രൈവര്‍ ഇല്ലാത്ത ലോറികള്‍ക്ക് അനുമതി നല്കുന്ന രണ്ടാമത്തെ രാജ്യമാകും ബ്രിട്ടന്. മുന്നില്‍ ഓടുന്ന ട്രക്കിലെ ഡ്രൈവറുടെ നിര്‍ദേശങ്ങളും നടപടികളും അനുസരിച്ച് പിന്നാലെ ഒന്നോ രണ്ടോ മൂന്നോ ലോറികള്‍ നിരയായി തനിയെ ഓടുന്ന സംവിധാനമാണ് ബ്രിട്ടനില്‍ പരീക്ഷിക്കുന്നത്.
ബ്രിട്ടനിലെ പ്രധാനപ്പെട്ട നിരത്തുകളിലെല്ലാം തന്നെ അടുത്തവര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം പരീക്ഷിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ”ട്രാന്‍സ്പോര്‍ട്ട് റിസേര്‍ച്ച് ലൈബ്രറി”യ്ക്കാണ് പരീക്ഷണത്തിന്റെ ചുമതല. മൂന്നു ലോറികള്‍വരെ ഒരുമിച്ച് യാത്രചെയ്യുന്ന സംവിധാനത്തില്‍ എല്ലാ വാഹനങ്ങളുടെയും ആക്സിലറേഷന്, ബ്രേക്കിംങ് സംവിധാനങ്ങളുടെ നിയന്ത്രണം മുന്നിലെ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും.
വയര്‍ലസ് സംവിധാനത്തിലൂടെയാകും പിന്നിലെ വാഹനങ്ങള്‍ക്ക് ഡ്രൈവറുടെ സന്ദേശങ്ങള്‍ ലഭിക്കുക. ഇത്തരത്തില്‍ തനിയെ ഓടുന്ന ലോറികള്‍ തമ്മിലുള്ള അകലം വളരെ കുറവായിരിക്കും. സിഗ്നല്‍ നിയന്ത്രതമായതിനാല് ഈ അടുപ്പം അപകടത്തിനു വഴിവയ്ക്കില്ല. സ്റ്റിയറിംങ് നിയന്ത്രണത്തിനു മാത്രമായി പിന്നിലെ വാഹനങ്ങളില്‍ ഒരാളുണ്ടാകും. എന്നാല്‍ ഈ ജീവനക്കാരന് ഡ്രൈവിംഗില്‍ കാര്യമായ പങ്കാളിത്തം ഉണ്ടാകില്ല.
ട്രാഫിക് കുരുക്കും ഇന്ധന ഉപയോഗവും ഇത്തരം സംവിധാനം കുറയ്ക്കുമെന്ന്രൊരു വിഭാഗം വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സംവിധാനം തിരക്കേറിയ ബ്രിട്ടീഷ് നിരത്തുകളില്‍ ആശയക്കുഴപ്പവും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് മറ്റൊരു വിഭാഗം വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കണക്കിലെടുത്താണ് പ്രധാന നിരത്തുകളിലെല്ലാം ഡ്രൈവര്‍ രഹിത കോണ്‍വോയ് സംവിധാനം പരീക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല