1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2017

സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ കണ്ണിലെ കരടായി ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം, രൂക്ഷ പ്രതികരണങ്ങളുമായി സൗദിയും യുഎഇയും. ഖത്തറും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ വീണ്ടും രൂക്ഷമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഖത്തറിന്റെ ഇറാന്‍ സ്ഥാനപതി ടെഹ്‌റാനില്‍ ചുമതലയേറ്റിരുന്നു. ഖത്തര്‍ നയതന്ത്രജ്ഞനായ അലി ഹമദ് അല്‍ സുലൈത്തിയാണ് ഇറാനിലെ പുതിയ ഖത്തര്‍ സ്ഥാനപതി.

സൗദിയും ഇറാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2016 ലാണ് ജിസിസി രാജ്യങ്ങള്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. 2016 ല്‍ ഇറാനിലെ ഷിയാ നേതാവ് ഷെയ്ഖ് നിംറിനെ സൗദി തൂക്കിലേറ്റിയതോടെയാണ് ഇറാനും സൗദിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്. ഇതേതുടര്‍ന്ന് ഇറാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ ആക്രമിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൗദിയും ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റ് അംഗരാജ്യങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ഇറാനുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന സൗദി നിലപാടിന് വിരുദ്ധമായി മേഖലയിലെ വന്‍ശക്തിയായ ഇറാനുമായി നയതന്ത്ര ബന്ധം ഒഴികെയുള്ള സാധാരണ ബന്ധം തുടരുന്നതില്‍ തെറ്റില്ലെന്ന സമീപനമായിരുന്നു രണ്ടുമാസം മുന്‍പ് വരെ ഖത്തര്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കാന്‍ ഇറാനുമായുള്ള ബന്ധവും ഇതും ഒരു പ്രധാന കാരണമായി.

എന്നാല്‍ ഉപരോധം മൂന്നു മാസമാകുമ്പോള്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം ഔദ്യോഗികമായി പുന:സ്ഥാപിച്ചു കൊണ്ട് സൗദി സഖ്യരാജ്യങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഖത്തറിന്റെ ഈ നടപടിയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച യു.എ.ഇ ഉള്‍പ്പെടെയുള്ള സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം കൂടുതല്‍ കടുപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ഗള്‍ഫ് പര്യടനം ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.