1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2017

സജീഷ് ടോം (യുക്മ പി ആര്‍ ഒ): യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, ഗര്‍ഷോം ടി വി യുടെ സഹകരണത്തോടെ ആവിഷ്‌ക്കരിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3’ യുടെ ഓഡിഷന്‍ ആരംഭിക്കുന്നു. 2014 , 2016 വര്‍ഷങ്ങളിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ വിജയവും ജനപ്രീതീയും ‘സ്റ്റാര്‍ സിംഗര്‍ 3’ ക്ക് നേട്ടമായി മാറിയിരിക്കുകയാണ്. ഇത്തവണത്തെ പ്രചാരണ രീതികളുടെ വൈവിധ്യം കൂടിയായപ്പോള്‍ നിരവധി ഗായകരാണ് ‘സ്റ്റാര്‍ സിംഗര്‍ 3’ യില്‍ പങ്കെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചു 23 അപേക്ഷകരാണ് ഓഡിഷനില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്നത്. കഴിവുള്ള ഒരു മത്സരാര്‍ത്ഥിക്കും അവസരം നഷ്ടപ്പെടരുതെന്നുള്ള കാഴ്ചപ്പാടോടെ മൂന്ന് കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണമായാണ് ഓഡിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച ലണ്ടനിലും, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലും വീഡിയോ ചിത്രീകരണം നടക്കും. സെപ്റ്റംബര്‍ ഒന്‍പത് ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സിലെ ബര്‍മിംഗ്ഹാം മൂന്നാമത്തെ വീഡിയോ ചിത്രീകരണ വേദിയാകും. മൂന്ന് വേദികളിലെയും ഗാനങ്ങളുടെ വീഡിയോകള്‍ പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ വിലയിരുത്തിയശേഷം ആയിരിക്കും ‘സ്റ്റാര്‍ സിംഗര്‍ 3’ ആദ്യ റൗണ്ടിലേക്കുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഇതാദ്യമായാണ് സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ഓഡിഷന്‍ പൊതു വേദിയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്ഥമായി, യുക്മ ദേശീയ കമ്മറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്നു എന്നതുകൊണ്ടുതന്നെ യുക്മ ദേശീയ റീജിയണല്‍ നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പങ്കാളിത്തം പരിപാടിയുടെ എല്ലാഘട്ടത്തിലും ഉണ്ടാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു.

യു കെ മലയാളി സംഗീത പ്രതിഭകളെ കണ്ടെത്തുവാന്‍ ആരംഭിച്ച സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം യു.കെ. യുടെ അതിര്‍ത്തികള്‍ കടന്ന് യൂറോപ്യന്‍ മലയാളി പ്രവാസികള്‍ക്കുള്ള മത്സരവേദി എന്നനിലയിലേക്ക് വളര്‍ന്നത് തികച്ചും അഭിമാനകരമായ വസ്തുതയാണ്. പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ചെയര്‍മാനും, ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് വൈസ് ചെയര്‍മാനും, സജീഷ് ടോം ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്ററും, ജോമോന്‍ കുന്നേല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും, ബിനു ജോര്‍ജ് പ്രോഗ്രാം പ്രൊഡ്യൂസറുമായുള്ള സമിതി ആയിരിക്കും ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ നിയന്ത്രിക്കുക. ഉദ്ഘാടനം മുതല്‍ ഗ്രാന്‍ഡ് ഫിനാലെ വരെ എട്ട് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഓഡിഷന്‍ മുതല്‍ എല്ലാ ഗാനങ്ങളും ഗര്‍ഷോം ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.