സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം. അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിനൊപ്പം എത്തിയ വെള്ളപ്പൊക്കം അണക്കെട്ടുകള്‍ക്ക് ഭീഷണിയാകുകയാണ്. ഹൂസ്റ്റണിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ആഡിക്സ് നിറഞ്ഞു കവിഞ്ഞു. ഇന്നേ വരെയുണ്ടായിട്ടില്ലാത്ത അവസ്ഥയാണ് ആഡിക്സ് ഡാമില്‍ സംജാതമായിട്ടുള്ളതെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അണക്കെട്ടിന് പരിസരത്ത് താമസിക്കുന്നവരോട് ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡാം തകരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അനുവദനീയമായ പരിധിയിലും അധികം വെള്ളമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. നിറഞ്ഞു തുളുമ്പുന്ന വെള്ളം ഹൂസ്റ്റണിലെ പ്രധാന നദിയായ ബഫലോ ബായുവിലേക്കായിരിക്കും തുറന്നുവിടുക. എന്നാല്‍ ഇതിനോടകം തന്നെ ഈ നദി കരകവിഞ്ഞതു മൂലം തീരത്തുള്ള പല വീടുകളും വെള്ളത്തിനടിയിലാണ്. ഒരു വര്‍ഷം കൊണ്ട് പെയ്യുന്ന മഴയാണ് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഹൂസ്റ്റണില്‍ തിമിര്‍ത്ത് പെയ്തത്.
ബഫലോ ബായുവിലെ ജലത്തിന്റെ അളവു നിയന്ത്രിക്കുന്ന മറ്റൊരു അണക്കെട്ടാണ് ബാര്ക്കറിലും സ്ഥിതി ആശങ്കയുണര്‍ത്തുന്നതാണ്. വിങ്ങിപ്പൊട്ടാറായി നില്ക്കുന്ന ഇവിടെ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ ഹൂസ്റ്റണിലെ വെള്ളപ്പൊക്ക ഭീഷണി പിന്നെയും രൂക്ഷമാകും. മഴ ശമിക്കാതായതോടെ പല ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. 17,000 ത്തോളം പേരാണ് വിവിധ താത്കാലിക ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. അതേസമയം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടെക്സസില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല