സ്വന്തം ലേഖകന്‍: ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന് അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് നടത്തിയ യുഎസ് വിരുദ്ധ പ്രസ്താവനകളോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നാണ് പാക് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത യുഎസ് ഉദ്യോഗസ്ഥരുടെ പാത് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ സെനറ്റിനോട് ആവശ്യപ്പെട്ടതായി പാക് വിദേശകാര്യമന്ത്രി ക്വാജാ മുഹമ്മദ് വ്യക്തമാക്കി. ഇരു കൂട്ടര്‍ക്കും ഉചിതമായ സമയത്തേയ്ക്ക് കൂടിക്കാഴ്ചയും ചര്‍ച്ചയും മാറ്റിവെയ്ക്കാനാണ് നിര്‍ദേശം.
അടുത്ത മാസം പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ അതിന് മുന്നോടിയായി യാതൊരു വിധ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പാക് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്താനില്‍ പാക് താലിബാന് നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പരാമര്ശിക്കുമ്പോഴാണ് പാകിസ്താന് ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചത്. അക്രമങ്ങളെയും കലാപങ്ങളെയും രാജ്യം ര പിന്തുണയ്ക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
പാക് നടപടിയെ എതിര്‍ത്ത യുഎസ് പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. പുതിയ അഫ്ഗാന് നയം പ്രഖ്യാപിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീകരരെ പിന്തുണയ്ക്കുന്ന പാക് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്. പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. അഫ്ഗാനില്‍ യുഎസ് സൈനിക സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഒബാമയുടെ നയത്തിന് വിരുദ്ധമായി സൈന്യത്തെ നിലനിര്‍ത്തുമെന്നും നയ പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി.
കഴിഞ്ഞ 16 വര്‍ഷമായി അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.
അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കിയിട്ടുള്ള പല ഭീകരസംഘടനകളും പാകിസ്താനില്‍ സജീവമാണെന്നും ഇവ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചുവരികയാണെന്നും പാകിസ്താനിലെ ജനങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളായിരുന്നിട്ടും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് പാകിസ്താന് സ്വീകരിക്കുന്നതെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല