സ്വന്തം ലേഖകന്‍: നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി പരാമര്‍ശമുള്ളത്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്.
ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. നോട്ടുനിരോധനം നടപ്പാക്കിയ നവംബര്‍ എട്ടു മുതല്‍ നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന തീയതിയായ ജൂണ്‍ 30 വരെയാണ് ഇവ തിരിച്ചെത്തിയത്. എന്നാല്‍ അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 2016 നവംബര്‍ എട്ടിനാണ് റിസര്‍വ് ബാങ്ക് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണത്തിനെതിരായ ചരിത്രപരമായ നടപടിയെന്ന് അന്ന് രാത്രി ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു നോട്ട് നിരോധനമെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എന്നാല്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന അവസരമായിരുന്ന ഈ ജനുവരി കഴിഞ്ഞ് എട്ടു മാസം പിന്നിട്ടിട്ടും എത്രമാത്രം നിരോധിത നോട്ടുകള്‍ ബാങ്കുകളിലേക്ക് മടങ്ങിയെത്തി എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മടങ്ങിയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല എന്ന് റിസര്‍വ് ബാങ്ക് പറയുമ്പോള്‍ മടങ്ങിയെത്തിയതില്‍ കള്ളനോട്ടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അതിനാലാണ് സമയമെടുക്കുന്നതെന്നും ഉള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മുന്നോട്ട് വെക്കുന്നത്.
നിരോധിച്ച നോട്ടുകളുടെ 98.8 ശതമാനവും ബാങ്കുകളില്‍ തിരികെ എത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് ഏറ്റവും ആധികാരിക പഠനം നടത്തിയിട്ടുള്ള ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫ. അരുണ്‍ കുമാര്‍ കഴിഞ്ഞ ജൂണില്‍ എക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലിയില് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടതു പോലെ ഒരു കള്ളപ്പണവും പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല