1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2017

സ്വന്തം ലേഖകന്‍: 27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്നും ലൈംഗിക ശേഷിയില്ലാത്ത താന്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്നും വാദിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാദം സിബിഐ കോടതി പൊളിച്ചടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

27 വര്‍ഷങ്ങള്‍ക്ക് മുമ്പെ ലൈംഗിക ശേഷി നഷ്ടപ്പെട്ട ഗുര്‍മീതിന് എങ്ങനെയാണ് അതിന് ശേഷം രണ്ട് പെണ്‍മക്കള്‍ ജനിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. ബലാത്സംഗക്കേസില്‍ രക്ഷപ്പെടുമായിരുന്ന വിവാദ ആള്‍ദൈവത്തെ അഴിക്കുള്ളിലാക്കിയത് കോടതിയുടെ ഈ ചോദ്യമായിരുന്നു. 1990 മുതല്‍ ലൈംഗിക ശേഷിയില്ലാത്ത താന്‍ 1999 ല്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് ചോദിച്ച ഗുര്‍മീത് താന്‍ നിരപരാധിയാണെന്ന് ശക്തമായി വാദിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഗുര്‍മീതിന്റെ നീക്കത്തിനു മുന്നില്‍ പ്രോസിക്യൂഷന്‍ നിസ്സഹായമാകുകായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുര്‍മീതിന്റെ വാദം കളവാണെന്നതിനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കയ്യിലുണ്ടായിരുന്നില്ല. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ലെന്നും കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചതോടെ കാര്യങ്ങള്‍ പ്രതിഭാഗത്തിന്റെ വഴിക്ക് നീങ്ങി.
ഈ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണായക ചോദ്യമെത്തിയത്. രണ്ട് പെണ്‍മക്കള്‍ ഗുര്‍മിതിന് ജനിച്ചത് ഇക്കാലയളവിലല്ലേയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ ആള്‍ദൈവത്തിന് ഉത്തരംമുട്ടി. ഗുര്‍മീതിന്റെ ലൈംഗിക ശേഷിയുടെ ജീവിക്കുന്ന തെളിവുകളാണ് പെണ്‍മക്കളെന്ന് കൂടി കോടതി പറഞ്ഞതോടെ ആള്‍ദൈവം അകത്താകുകയായിരുന്നു.

അതേസമയം 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം വിധി പ്രഖ്യാപനത്തിന് ശേഷം രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി ഹരിയാന പൊലീസ് ഐ ജിയുടെ വെളിപ്പെടുത്തലും ഇന്ന് പുറത്തുവന്നിരുന്നു. പ്രമുഖ ദേശീയ മാധ്യമമായ എന്‍ ഡി ടി വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിധി പ്രഖ്യാപിച്ച പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതി പൊലീസ് തകര്‍ത്തെന്നും ഐ ജി കെ കെ റാവു വെളിപ്പെടുത്തി.

സംഭവം ഇങ്ങനെയായിരുന്നു. റോത്തക് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു ചുവന്ന ബാഗ് വാഹനത്തില്‍ നിന്ന് എടുത്തു തരണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. അത്യാവശ്യ സാധനങ്ങളുള്ള ചുവന്ന ബാഗ് തനിക്ക് വേണമെന്നായിരുന്നു ഗുര്‍മീത് പറഞ്ഞത്. വാഹനത്തില്‍ നിന്ന് ചുവന്ന ബാഗ് എടുത്തതോടു കൂടിയാണ് കോടതി പരിസരത്തും മറ്റു പലയിടങ്ങളിലും അക്രമം ആരംഭിച്ചത്. കോടതി പരിസരത്ത് അക്രമം അഴിച്ച് വിട്ട് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായതായി ഐജി വിശദമാക്കി. ഹരിയാന പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് ഗുര്‍മീതിന്റെ രക്ഷപെടല്‍ ശ്രമം പൊളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.