സ്വന്തം ലേഖകന്‍: ഹാര്‍വിയുടെ ഇരകളുടെ എണ്ണം 50 കടന്നു, ലൂയിസിയാന, ടെക്സസ് സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ ദിനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച വീണ്ടും പര്യടനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രശംസിച്ചു. എല്ലാ മതവിഭാഗക്കാരും ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും പ്രസ്താവനയില്‍ നിര്‍ദേശിച്ചിരുന്നു.
ഹാര്‍വി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. രക്ഷാ പ്രവര്‍ത്തനവും തുടരുകയാണ്. ഇതിനകം 50 പേര്‍ക്കു ജീവഹാനി നേരിട്ടു. ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത് ടെക്സസിലെ ഹൂസ്റ്റണിലാണ്. കഴിഞ്ഞ തവണ ഹൂസ്റ്റന്‍ സന്ദര്‍ശനം ഒഴിവാക്കിയ ട്രംപ് ഇത്തവണ ഹൂസ്റ്റണിലും പോകുന്നുണ്ട്. ഹൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരീസ് കൗണ്ടിയുടെ 70 ശതമാനം പ്രദേശത്തും വെള്ളംകയറി.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 785 കോടി ഡോളര്‍ അനുവദിക്കണമെന്നു ട്രംപ് ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.ഇതിനിടെ ഇര്‍മാ എന്ന പുതിയ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്യൂര്ട്ടാറിക്കോ, ഹെയ്തി എന്നിവിടങ്ങളില്‍ അടുത്തയാഴ്ചയോടെ കാറ്റ് എത്തും. യുഎസിലും കാറ്റു വീശിയേക്കുമെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല