1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2017

സ്വന്തം ലേഖകന്‍: രണ്ടു മാസത്തെ ജയില്‍ വാസത്തിനു ശേഷം അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപ് ഇന്ന് ജയിലില്‍ നിന്ന് പുറത്തേക്ക്, ജയിലില്‍ സന്ദര്‍ശനത്തിനായി താരങ്ങളുടെ തിരക്ക് തുടരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ അമ്പത്തെട്ടു ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനായാണ് കോടതി അനുമതിയോടെ പുറത്തിറങ്ങുന്നത്.

രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങില്‍ ദിലീപ് ബലിയിടാനെത്തും. വന്‍ പോലീസ് കാവലിലായിരിക്കും നടനെ എത്തിക്കുക എന്നാണ് സൂചന. ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയത്. സിനിമാ മേഖലയില്‍ നിന്ന് ഒട്ടേറെപ്പേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

50 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ദിലീപ് ഇന്ന് പുറത്തിറങ്ങുന്നത്. അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ നാലര മണിക്കൂര്‍ സമയമാണ് കോടതി അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.

നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നടന്‍ സുധീര്‍, നിര്‍മാതാവ് എം.എം. ഹംസ, ദിലീപ് അഭിനയിച്ച ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ദിലീപിനെ സന്ദര്‍ശിച്ചു. തിരുവോണത്തിന് ഓണക്കോടിയുമായി നടന്‍ ജയറാമും ജയിലിലെത്തിയിരുന്നു.

സംവിധായകന്‍ രഞ്ജിത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാനെത്തി. സിനിമാ ലോകത്ത് ദിലീപിന് പിന്തുണ ശക്തമാകുന്നതിന്റെ അടയാളമാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നാണ് സൂചന. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് ദിലീപിനെ ‘അമ്മ’ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന അഭിപ്രായം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.