സ്വന്തം ലേഖകന്‍: കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പോലീസ്, ദിലീപ് കട്ടത്താടിയുമായെത്തി ശാന്തനായി അച്ഛന് ബലിയിട്ട് ആരവങ്ങളിലാതെ ജയിലിലേക്ക് മടങ്ങി. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിച്ചുകൊണ്ട് കോടതി നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച പോലീസ് അനുവദിച്ച സമയത്തിന് 10 മിനിറ്റ് മുമ്പേ താരത്തെ തിരികെ ജയിലില്‍ എത്തിക്കുകയും ചെയ്തു.
രാവിലെ എട്ടു മണിയോടെ ജയിലില്‍ നിന്നും വീട്ടിലെത്തിയ ദിലീപ് അച്ഛന് ബലിയിട്ടശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. തുടര്‍ന്ന് 9.45 ഓടെ കുടുംബത്തോട് യാത്രപറഞ്ഞ് പോലീസ് വാഹനത്തില്‍ ജയിലിലേക്ക് തിരിച്ചു. ഭാര്യ കാവ്യ, മകള്‍ മീനാക്ഷി, സഹോദരന് അനൂപ്, അമ്മ എന്നിങ്ങനെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഏറെ വികാര നിര്‍ഭരമായാണ് ദിലീപിനെ തിരികെ യാത്രയാക്കിയത്.
ഒരു ഡി.വൈ.എസ്.പിയുടെയും നാല് സി.ഐമാരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരുന്നത്. മുന്‍പ് ദിലീപ് ജയിലിന് പുറത്തിറങ്ങിപ്പോള്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വീടിനു സമീപം എത്തിയത്. ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ഫാന്‍സ് അസോസിയേഷന് ആലുവയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
കോടതി നിര്‍ദേശിച്ച എല്ലാ ഉപാധികളും പാലിച്ച് വളരെ സൗമ്യനായാണ് ദിലീപ് ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണത്തിന് ശ്രമിച്ചുവെങ്കിലും ദിലീപ് മുഖം കൊടുത്തില്ല. മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് ദിലീപും കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. പോലീസിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ദിലീപ് ജയിലില്‍ മടങ്ങിയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല