സ്വന്തം ലേഖകന്‍: പടക്ക നിര്‍മാണ ശാല, സ്‌ഫോടക വസ്തുക്കള്‍, നക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങള്‍, വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം, ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തിലെ അത്ഭുതങ്ങള്‍ കണ്ട് ഞെട്ടി വാപൊളിച്ച് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍. ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസും, അര്‍ദ്ധസൈനിക വിഭാഗവും വിവിധ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ആശ്രമത്തിന്റെ നിഗൂഡതകള്‍ ചുരുളഴിയുന്നത്.
സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വന്‍ അനധികൃത പടക്ക നിര്‍മ്മാണ ശാലയും അധികൃതര്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. ദേരയുടെ വളപ്പില്‍ കണ്ടെത്തിയ ഫാക്ടറി അനധികൃതമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവിടെ നിന്നും പടക്കം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ചില സ്‌ഫോടക വസ്തുക്കള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറി മുദ്രവെച്ചു. വെള്ളിയാഴ്ച തന്നെ ഗുര്‍മീത് സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്നാരോപിക്കപ്പെട്ട ഭൂമിക്കടിയിലെ ഗുഹയില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയിരുന്നു.
ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ഇവിടെ പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ആഗസ്റ്റ് 25 ന് കുറ്റക്കാരനാണെന്ന കണ്ടെത്തിയ ഗൂര്‍മീതിനെതിരേ ഇരയായ സ്ത്രീ ആരോപിച്ചത് ഗുഹയില്‍ വെച്ചാണ് ഗുര്‍മീത് സ്ത്രീകളെ ഉപയോഗിച്ചിരുന്നതെന്നാണ്. ഇവിടേയ്ക്ക് മറ്റുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് രാം റഹീമുമായി തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം ആള്‍ക്കാര്‍ ആരോപിക്കുന്നത്. ഇവിടേയ്ക്ക് മാപ്പുപറയണമെന്ന് വിളിച്ചായിരുന്നു തന്നെ രാം റഹീം ലൈംഗികമായി ഉപയോഗിച്ചതെന്ന് ഇരയായ യുവതി പരാതിയില്‍ പറയുന്നു.
അതിനിടെ, ആശ്രമത്തിനള്ളില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്. അത്യാവശ്യ ഘട്ടം വന്നാല്‍ ഗുര്‍മീതിനും അനുചരന്‍മാര്‍ക്കും രക്ഷപ്പെടാന്‍ നിര്‍മിച്ചതാണ് ഈ തുരങ്കമെന്നു കരുതുന്നു.
ആശ്രമത്തിനുള്ളില്‍ അത്യാഡംബര കെട്ടിടങ്ങളും ഒട്ടേറെയുണ്ടെന്നാണ് വിവരം. പാരിസിലെ ഈഫല്‍ ടവര്‍, ആഗ്രയിലെ താജ് മഹല്‍, ഫ്‌ലോറിഡയിലെ ഡിസ്‌നി വേള്‍ഡ്, മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരം തുടങ്ങിയവരുടെ അനുകരണനിര്‍മിതികളും ആശ്രമത്തിനുള്ളില്‍ കണ്ടെത്തി. സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ എംഎസ്ജി റിസോര്‍ട്ടും ആശ്രമത്തിലുണ്ട്.
ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഷോപ്പിങ് മാള്‍, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ആശ്രമത്തിലുണ്ട്. തിയറ്ററുകളെല്ലാം റാം റഹിം അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ളതാണ്. ആശ്രമത്തിനുള്ളിലെ എല്ലാ കെട്ടിടങ്ങളിലും ഗുര്‍മീതിന്റെ വലിയ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ദേരാ ആസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ തെരച്ചിലും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.
ദേരാ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പാത ഉള്‍പ്പെടുന്ന മേഖലയില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സിര്‍സയിലെ നഗരത്തില്‍ കാര്യങ്ങള്‍ എല്ലാം സാധാരണ ഗതിയിലാണ്. അഗ്‌നിശമന വിഭാഗം, മണ്ണു മാറ്റുന്ന യന്ത്രങ്ങള്‍ ട്രാക്ടറുകള്‍ എന്നിവ ഉപയോഗിച്ചാണ് പരിശോധന. ദേരയുടെ 800 ഏക്കറുകളെ പല സോണുകളാക്കി തിരിച്ച് ഓരോ സീനിയര്‍ ഓഫീസര്‍മാരുടെ കീഴിലാണ് ജോലി നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല