സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് യുനെസ്കോ, 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമങ്ങള്‍ക്കു നേരെയുള്ള ആക്രമണവും സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണെന്ന് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കോവ പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ രാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. അതേസമയം കൊലപാതകികളെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടും കേസില്‍ ഇതിവരെ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സി.ബി.ഐ കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണെന്നും കേസ് സി.ബി.ഐക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ‘ഐ ആം ഗൗരി ദ ഫോറം ഫോര്‍ മൂവ്മെന്റ് എഗെന്‍സ്റ്റ് ലങ്കേഷ്സ് അസാസിനേഷന്‍’ കത്ത് നല്കി. ഗൗരിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപവത്കരിച്ചതാണ് ഫോറം.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് പുരോഗമന ചിന്തകര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജ്ഞാനപീഠ അവാര്‍ഡ് ജേതാവും നാടകകൃത്തുമായ ഗിരീഷ് കര്‍ണാട്, എഴുത്തുകാരന് കെ.എസ്. ഭഗവാന് എന്നിവരടക്കം പന്ത്രണ്ടോളം പേര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും. മുമ്പ് കല്‍ബുര്‍ഗിയും നരേന്ദ്ര ദബോല്‍ക്കറും ഇത്തരത്തില്‍ കൊല്ലപ്പെട്ട ശേഷം പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഇതുവരേയും പോലീസിന് കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല