സ്വന്തം ലേഖകന്‍: ഇര്‍മ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ വലയുന്നവര്‍ക്ക് കൈത്താങ്ങായി മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ ഫോമയും മലയാളി എഫ്. എം. റേഡിയോയും. വിര്‍ജിന്‍ ഐലന്‍ഡില്‍ വളരെയധികം നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്ലോറിഡാ തീരത്ത് എത്തിയതീടെ കനത്ത മഴയും മണിക്കൂറില്‍ 209 കിമീ വേഗത്തില്‍ വീശുന്ന കാറ്റും ജനങ്ങളെ വലയ്ക്കുകയാണ്. 63 ലക്ഷം പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും ഇനിയും ഒഴിഞ്ഞു പോകന്‍ കഴിയാത്തവര്‍ നിരവധിയാണ്.
ഫ്ലോറിഡയില്‍ നിന്ന് സമീപ സംസ്ഥാനങ്ങളായ ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ ആളുകളും രക്ഷ തേടിപ്പോകുന്നത്. എന്നാല്‍ മലയാളി കുടുംബങ്ങളിലെ കൂടുതല്‍ സ്ത്രീകളും ആതുര സേവന മേഖലയില്‍ ജോലിചെയ്യുന്നതിനാല്‍ ഫ്ലോറിഡ വിട്ടുപോകുവാന്‍ അനുവാദമില്ല. നിര്‍ബന്ധിത ജോലിക്ക് പോകേണ്ടതുണ്ട്. എങ്കിലും നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ അന്യ സംസ്ഥാനത്തേക്ക് പോയവരില്‍ ഉള്‍പ്പെടും. കടുത്ത ഗതാഗത കുരുക്കുമൂലം നാലും അഞ്ചും ഇരട്ടി സമയമാണ് ഇപ്പോള്‍ ഗതാഗതത്തിനായി എടുക്കുന്നത്,
മാത്രമല്ല അന്യ സംസ്ഥാനത്തുള്ള ഹോട്ടലുകളില്‍ ഒരിടത്തും റൂമുകള്‍ കിട്ടാനില്ല, ഒപ്പം ഇന്ധന ക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ ഫോമയും മലയാളി എഫ്. എം. റേഡിയോയും കൈകോര്‍ത്ത് ‘ഇര്‍മാ ഡിസാസ്റ്റര്‍ പ്രോഗ്രാം’ അവതരിപ്പിച്ചിരിക്കുന്നത്. സമീപ സംസ്ഥാനങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക് മലയാളി ഭവങ്ങളില്‍ താമസവും അടിയന്തിര സൗകര്യങ്ങളും ഒരുക്കുകയാണ് ഈ പദ്ധതി. ഇതിനായി മറ്റു സന്നദ്ധ സംഘടനകളുടെ സഹായവും ക്രൈസ്തവ ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും ഷെല്‍ട്ടറുകളും ഉപയോഗിക്കുന്നുണ്ട്.
സ്വന്തം കെട്ടിടങ്ങള്‍ ഫ്ലോറിഡയില്‍ നിന്നെത്തുന്ന ആവശ്യക്കാര്‍ക്ക് തുറന്നു കൊടുക്കുവാന്‍ സന്മനസുള്ളവര് വോയിസ് മെസ്സേജ് അയക്കേണ്ട നമ്പര്‍ 214.672.3682 (മലയാളി എഫ്. എം. ഡിസാസ്റ്റര്‍ ടീം). ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, മലയാളി എഫ്. എം. ഡയറക്ടര്‍ ടോം തരകന്, അസ്സോസിയേറ്റ് പ്രോഗ്രാം ഡയറക്ടര്‍ മാത്യൂസ് ലിജ് അത്യാല്‍ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
അടിയന്തിര സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: സാജന് കുര്യന് (ഫോമാ ഇര്‍മ ഡിസാസ്റ്റര്‍ കണ്ട്രോള് കോഓര്‍ഡിനേറ്റര്‍ 214.672.3682 ബിനു മാമ്പിള്ളി (ഫോമാ സണ്‍ ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്) 941.580.2205, റെജി ചെറിയാന് (ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ്) 404.425.4350.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല