സ്വന്തം ലേഖകന്‍: എട്ടാം പിറന്നാളിന്റെ തിളക്കത്തില്‍ ദുബായ് മെട്രോ, എട്ടു വര്‍ഷത്തിനിടെ മെട്രോയിലൂടെ യാത്ര ചെയ്തത് 100 കോടിയിലേറെ യാത്രക്കാര്‍. 2009 സെപ്റ്റംബര്‍ ഒമ്പതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ചേര്‍ന്ന് തുടക്കമിട്ട ദുബായ് മെട്രോ ഗതാഗതത്തില്‍ സഞ്ചരിച്ചവരുടെ എണ്ണം നൂറു കോടിയിലെത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസമാണ്. നിര്‍മാണഘട്ടത്തില്‍ ദുബായ് മെട്രോ സ്ഥാപിച്ച പല ലോക റെക്കോഡുകളും ഇന്നും തകര്‍ക്കാനായിട്ടില്ല.
2009 സെപ്റ്റംബര്‍ 9, അഥവാ 09 09 09 എന്ന സവിശേഷ തീയതിലാണ് ദുബായ് മെട്രോ ആദ്യമായി യാത്രക്കാരുമായി ഓട്ടം തുടങ്ങിയത്. എട്ട് വര്‍ഷത്തിനിടെ 1.28 ശതകോടി യാത്രക്കാര്‍ ദുബായ് മെട്രോ ഉപയോഗിച്ചു എന്നാണ് ആര്.ടി.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. റെഡ് ലൈനിലാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്. 689 ദശലക്ഷം പേര്. ഗ്രീന്‍ ലൈനിലൂടെ 339 ദശലക്ഷം യാത്രക്കാരും കടന്നുപോയി. 75 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബായ് മെട്രോ ഇന്നും ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ രഹിത മെട്രോ സേംവിധാനമാണ്.
യൂണിയന് മെട്രോ സ്റ്റേഷന് ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് എന്ന റെക്കോഡുമുണ്ട്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് യൂണിയന് സ്റ്റേഷനുള്ളത്. ദുബായ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമെന്ന ഖ്യാതിയും ഇതിനുണ്ട്. എക്സ്പോ 2020 വേദിക്കരികിലേക്ക് റൂട്ട് 2020 പാത കൂടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുബായ് മെട്രോയുടെ ഭാഗമാകും.
ദുബായ് മെട്രോ നീവകരിച്ച് കൂടുതല്‍ പേരെ ആകര്‍ഷിച്ച് 2030ഓടെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്.ടി.എ. 2016ല്‍ ഇത് 16 ശതമാനമാണ്. ടാക്സികള്‍ കൂടി കണക്കിലെടുത്താല്‍ ഇത് 24ശതമാനം വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല