സ്വന്തം ലേഖകന്‍: പോലീസ് യൂണിഫോമില്‍ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിച്ച് യുഎഇയിലെ ഏഴു വയസുകാരന്, തരംഗമായി ചിത്രങ്ങള്‍. യുഎഇയിലെ ഏഴു വയസ്സുകാരനായ അബ്ദുല്ല ഹമദ് അല്കുത്ബിയാണ് ഏറെ നാളത്തെ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. പൊലീസ് യൂണിഫോമണിയുകയെന്ന ഈ രണ്ടാം ക്ലാസുകാരന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചെന്ന് മാത്രമല്ല പൊലീസ് ലെഫ്റ്റ്നന്റ് യൂണിഫോമണിഞ്ഞ് ഒരു മണിക്കൂറോളം അബ്ദുല്ല റാസല്‍ഖൈമയിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
സ്കൂള്‍ കുട്ടികളുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഉത്തരവാദിത്തത്തോടെ തനിക്ക് ലഭിച്ച ചുമതല ഇയാള്‍ ചെയ്ത് തീര്‍ത്തത്. ശേഷം ഒത്മാന് ബിന്‍ അബി പ്രൈവറ്റ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലും അബ്ദുല്ല പങ്കെടുത്തു.
അബ്ദുല്ല ഹമദ് അല്കുത്ബിയ്ക്ക് ഭാവിയില്‍ പൊലീസ് സര്‍വീസില്‍ തന്നെ ജോലി ലഭിക്കട്ടെയെന്ന് റാസല്‍ ഖൈമ പൊലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സയിദ് അല്‍ ഹുമൈദി പറഞ്ഞു. അബ്ദുല്ലയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിനായി അദ്ദേഹത്തിന് അവസരം നല്‍കിയതെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല