സ്വന്തം ലേഖകന്‍: ഒടുവില്‍ അബുദാബി ഡ്യൂട്ടി ഫ്രീയുടെ 12 കോടി നേടിയ ഭാഗ്യവാനായ ആ മലയാളിയെ കണ്ടെത്തി. അബുദാബി വിമാനത്താവളത്തില്‍നിന്ന് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപയോളം) നേടിയ ഭാഗ്യവാന് കൊച്ചി സ്വദേശി മനേക്കുടി വര്‍ക്കി മാത്യുവാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ സംഘാടകര്‍ക്കു മുന്നില്‍ എത്തിയത്.
നറുക്കെടുത്തതു മുതല്‍ മൊബൈല്‍ നമ്പറില്‍ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ വെള്ളത്തില്‍ വീണ് തകരാറിലായതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച വീണ്ടും വിളിച്ചപ്പോഴാണ് മാത്യു വിവരമറിയുന്നത്. അല്‍ ഐനില്‍ അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്പത്തിയെട്ടുകാരനായ വര്‍ക്കി മാത്യുവിന്റെ ലോട്ടറിത്തുകയ്ക്ക് രണ്ടവകാശികള്‍ കൂടിയുണ്ട്. ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ പാകിസ്താനിയും.
70 ലക്ഷം ദിര്‍ഹത്തിന്റെ പകുതിത്തുകയായ 35 ലക്ഷം ദിര്‍ഹം ഈ രണ്ടു സുഹൃത്തുക്കള്‍ക്കും കൂടി വീതംവെക്കുമെന്ന് വര്‍ക്കി മാത്യു അറിയിച്ചു. ടിക്കറ്റിന്റെ പകുതിവില അവരുടേതായിരുന്നു. അല്‍ ഐനില്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഭാര്യ ചിന്നമ്മയും വിദ്യാര്‍ഥിയായ മകനും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്നതാണ് വര്‍ക്കി മാത്യുവിന്റെ കുടുംബം. നാട്ടില്‍ അവധിക്കാലം ചെലവിടാന്‍ എത്തിയ വര്‍ക്കി മാത്യു 17ന് തിരിച്ചെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 24ന് അവധിക്ക് നാട്ടില്‍ പോകുമ്പോഴാണ് അബുദാബി എയര്‍പോര്‍ട്ടില്‍നിന്ന് ബിഗ് ടിക്കറ്റിന്റെ ഭാഗ്യലോട്ടറി എടുക്കുന്നത്. സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ 500 ദിര്‍ഹം നല്കി വാങ്ങിയ 024039 എന്ന നമ്പറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് ആരംഭിച്ചത് മുതല്‍ സ്ഥിരമായി എടുക്കുന്ന ശീലം മാത്യുവിനുണ്ടായിരുന്നു. ബിഗ് ടിക്കറ്റിലൂടെ ഇതുവരെ 178 പേര് കോടിപതികളായിട്ടുണ്ടെന്ന് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും അതില്‍ത്തന്നെ മലയാളികളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല