സ്വന്തം ലേഖകന്‍: സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറിയുടെ ദിവസ വാടക 65,000 രൂപ, ഹോട്ടല്‍ അധികൃതരുടെ നഷ്ടം പരിഗണിച്ച് മുറി തുറന്നു കൊടുക്കണമെന്ന് കോടതി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിലെ മുറി തുറന്നു കൊടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം. ഡല്‍ഹി പാട്യാല കോടതിയുടേതാണ് ഉത്തരവ്.
അതേസമയം മുറിയില്‍നിന്ന് അന്വേഷണത്തിന് സഹായകമായ വസ്തുക്കള്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ 345 മത് മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി അന്ന് പോലീസ് സീല്‍ ചെയ്ത മുറി പിന്നീടിതുവരെ തുറന്നു കൊടുത്തിട്ടില്ല. മുറി തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്മെന്റ് ഹര്‍ജി നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ പേരില്‍ ആഡംബര ഹോട്ടലിന്റെ മുറി തുറക്കാതിരിക്കുന്ന പോലീസിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഒരു കൊലപാതകം നടന്ന വീട് അന്വേഷണത്തിന്റെ പേരില്‍ അനിശ്ചിതകാലം അടച്ചിടുമോയെന്നു ചോദിച്ച കോടതി, ഹോട്ടിലിനുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ആരു നികത്തുമെന്നും പോലീസിനോട് ആരാഞ്ഞു. സെപ്റ്റംബര്‍ 26 നകം മുറി ഉപയോഗത്തിനായി ഹോട്ടല്‍ അധികൃതര്‍ക്ക് തുറന്നു കൊടുക്കാനാണ് കോടതി നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല