സ്വന്തം ലേഖകന്‍: ‘ഭീകരര്‍ ഒരിക്കലും മോശമായി പെരുമാറിയില്ല, ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല,’ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഫാ. ടോം ഉഴുന്നാലിലിന്റെ വെളിപ്പെടുത്തല്‍. യെമനില്‍ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യന്‍ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വത്തിക്കാനിലെ സെലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണു വിവരം. ഒമാന്റെ ഇടപെടലിനെത്തുടര്‍ന്നു ഭീകരര്‍ ചൊവ്വാഴ്ച ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നുതന്നെ ഒമാനിലെത്തിച്ച അദ്ദേഹത്തെ അവിടെനിന്നു വത്തിക്കാനിലുമെത്തിച്ചിരുന്നു. അതേസമയം, ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ലെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. ആരോഗ്യം ക്ഷയിച്ചു ശരീരഭാരം കുറഞ്ഞപ്പോള്‍ അവര്‍ പ്രമേഹത്തിനുള്ള മരുന്നുനല്‍കി പരിചരിച്ചു. മൂന്നുതവണ താവളം മാറ്റി. സ്ഥലംമാറുന്ന സമയത്തു തന്നെ ബന്ധിച്ചിരുന്നുവെന്നും ഫാദര്‍ ടോം സെലേഷ്യന്‍ സഭാ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല