സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം. ഇറ്റലിയിലെ പോസ്സുവോലിയിലാണ് വെനീസ് പ്രവിശ്യയിലുള്ള മിയോള നിവാസികളായ ടിസിയാന സാറമെല്ല (42), ഭര്‍ത്താവ് മാസ്സിമിലിയാനോ കാറെര്‍ (45), മകന് ലോറെന്‍സോ എന്നിവര്‍ മരിച്ചത്. അവധി ആഘോഷത്തിന്റെ അവസാന ദിവസമായിരുന്നു കുടുംബം അപകടത്തില്‍പ്പെട്ടത്.
പോസ്സുവോലിയില്‍ സൊള്‍ഫാടാറയ്ക്കു സമീപം നിരോധിത മേഖലയില്‍ പ്രവേശിച്ച കുട്ടിയാണ് ആദ്യം കുഴിയില്‍ വീണത്. ഇവിടെ നിഷ്ക്രിയമായ അഗ്നിപര്‍വതമുണ്ട്. അതിനു സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാപിതാക്കളും കുഴിയില്‍ വീണു. ഇവരുടെ ഏഴുവയസ്സുകാരനായ മകന് അലെസ്സിയോയുടെ കരച്ചില്‍കേട്ടാണു രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
ഒന്നര മീറ്റര്‍ ആഴമുള്ള കുഴിയിലാണ് വീണത്. ചൂടേറിയ ലാവയില്‍ വീണതു കൊണ്ടാണോ അഗ്നിപര്‍വതത്തില്‍നിന്നുള്ള സര്‍ഫര്‍ വാതകം മൂലമാണോ ഇവരുടെ മരണമെന്നു വ്യക്തമല്ല. അതേസമയം, മകനെ രക്ഷിക്കാന്‍ പിതാവാണ് ആദ്യം ഓടിയെത്തിയത്. അദ്ദേഹം കുഴിയിലേക്കു വീഴുന്നതു കണ്ട് അമ്മ എത്തിയപ്പോള്‍ അവിടം ഇടിഞ്ഞ് താഴുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഈ അഗ്നിപര്‍വതം വര്‍ഷങ്ങളായി ശാന്തമാണെങ്കിലും സള്‍ഫര്‍ വാതകം സ്ഥിരമായി പുറത്തുവിടുന്നുണ്ട്. വീണ്ടുമൊരു പൊട്ടിത്തെറിക്ക് അഗ്നിപര്‍വതം തയാറാകുകയാണെന്ന് അടുത്തിടെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല