സ്വന്തം ലേഖകന്‍: ജപ്പാനെ കടലില്‍ മുക്കും, യുഎസിനെ ചുട്ടു ചാരമാക്കും, വീണ്ടും ഭീഷണിയുമായി ഉത്തര കൊറിയ, ഒപ്പം പുതിയ മിസൈല്‍ പരീക്ഷണവും. യുഎന്‍ ഉപരോധത്തില്‍ പ്രകോപിതരായി ജപ്പാന്റെ നാലു ദ്വീപുകള്‍ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കി. കൊറിയ ഏഷ്യപസഫിക് പീസ് കമ്മിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വാര്‍ത്ത വിവരം പുറത്തുവിട്ടത്.
ഉപരോധത്തിനു പിന്നാലെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ അന്തരീക്ഷത്തിലൂടെ കടന്നു പോയതായി ജപ്പാന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ അറിയിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്കു മാറാന്‍ നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയയ്ക്കു മേല്‍ സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തുന്ന പ്രമേയം യുഎന്‍ അംഗീകരിച്ചത്. ജപ്പാന് തങ്ങളുടെ സമീപത്ത് ആവശ്യമില്ല. യുഎസിനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണം. യുഎസിന്റെ പണം വാങ്ങുന്ന രാജ്യങ്ങളാണ് ഉപരോധത്തിനു പിന്നില്‍, എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭീഷണി അങ്ങേയറ്റം പ്രകോപനപരവും മോശവുമെന്ന് ജപ്പാന് പ്രതികരിച്ചു.
ഉപരോധം ഉത്തര കൊറിയയുടെ വരുമാനത്തെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് കണക്കുകൂട്ടല്‍. എണ്ണ, തുണി കയറ്റുമതിയാണ് അവരുടെ പ്രധാന വരുമാനം. ഇതില്ലാതാകുന്നതോടെ ആണവായുധ നിര്‍മാണമടക്കം കാര്യങ്ങള്‍ക്ക് പണം ലഭിക്കില്ലെന്നാണ് യുഎന്‍ കരുതുന്നത്. 120 കിലോടണ്‍ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ പരീക്ഷിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല