സ്വന്തം ലേഖകന്‍: സ്റ്റൈല്‍ മന്നന് ഉലകനായകന് തുണൈ, രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാകുമെന്ന് കമല്ഹാസന്. എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ രാഷ്ട്രീയത്തില്‍ രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുമൊയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തോടൊപ്പം കൈകോര്‍ക്കാന്‍ ഞാനുണ്ടാകും,’ കമല്‍ വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ പ്രവേശനത്തില്‍ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അവസാനത്തോടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ കമലഹാസന് നീക്കം ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബറില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി മത്സരിക്കും. അതേസമയം രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് രജനികാന്ത് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല.
കഴിഞ്ഞ മാസം ചെന്നൈയില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുഖപത്രമായ മുരശൊലിയുടെ 75 മത് വാര്‍ഷികത്തിനിടെ കമല്‍ഹാസനും രജനികാന്തും തമ്മില്‍ കണ്ടിരുന്നു. ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനോടൊപ്പം ഹാസന് സ്റ്റേജില്‍ ഇരിക്കവേ രജനി കാഴ്ചക്കാര്‍ക്കൊപ്പം ഇരുന്ന് പ്രസംഗം കേട്ടിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനീകാന്ത് നേരത്തേ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല