സ്വന്തം ലേഖകന്‍: ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് ഒപ്പമെത്തും വരെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍. ‘ലക്ഷ്യത്തിലെത്താന്‍ രാജ്യം മഴുവന്‍ വേഗതയിലും നേരായ ദിശയിലുമാണ് സഞ്ചരിക്കുന്നതെന്ന്, അതുവരെ ആണവായുധ പരീക്ഷങ്ങള്‍ തുടരും’ ഉന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്ര സംഘടന ശക്തമായി എതിര്‍ത്തിരുന്നു.
യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെയാണ് കടന്നുപോയത്. ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. മൂന്നാഴ്ചയ്ക്കിടെ ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്.
മിസൈല്‍ ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിട്ടാണ് എടുത്തത്. കൂടാതെ അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. ഉത്തര കൊറിയയില്‍ നിന്നും 3400 കിലോമീറ്റര്‍ ദൂരെയാണ് ഗുവാം. എന്നാല്‍ ജപ്പാന് മുകളിലൂടെ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈല്‍ ഇതിലും കൂടുതല്‍ ദൂരമാണ് സഞ്ചരിച്ചത്. തങ്ങള്‍ക്ക് നിഷ്പ്രയാസം ഗുവാം ആക്രമിക്കാം എന്ന് കിം അമേരിക്കയ്ക്ക് നല്‍കുന്ന മുന്നറിയിപ്പു കൂടിയാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം പതിനഞ്ച് അംഗ സമിതി ഐക്യകണ്‌ഠേനയാണ് പാസാക്കിയത്. ഉത്തര കൊറിയയുടെ വസ്ത്ര കയറ്റുമതി തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിങ്ങനെയായിരുന്നു പ്രമേയത്തില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് അമേരിക്കയെ ചാരമാക്കുമെന്നും ജപ്പാന്റെ നാല് ദ്വീപ് സമൂഹങ്ങളെ ആണവായുധം ഉപയോഗിച്ച് കടലില്‍ മുക്കുമെന്നും പറഞ്ഞ് ഉത്തര കൊറിയ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല